
കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപക നേതാവും ഔലിയാക്കളില്‍ പ്രധാനിയുമായിരുന്ന സയ്യിദ് ബാഅലവി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ ജീവിതം മാതൃകയാക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുതിയങ്ങാടി വരക്കലില്‍ 94-ാമത് ആണ്ട് നേര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 100വര്‍ഷം പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് പൊതുസമൂഹത്തില്‍ നിന്നോ ഭരണകൂടങ്ങളില്‍ നിന്നോ ഒരാക്ഷേപവും ഏല്‍ക്കേണ്ടി വന്നിട്ടില്ല. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായും സത്യസന്ധതയോടെയുമാണ് എന്നതാണ് കാരണം.
2026 ഫെബ്രുവരിയില്‍ കാസര്‍കോഡ് നടക്കുന്ന സമസ്ത 100ാം വാര്‍ഷിക മഹാസമ്മേളനം വന്‍വിജയമാക്കണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കെ ഉമര്‍ ഫൈസി മുക്കം അദ്ധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കര്‍ ദാരിമി അനുഗ്രഹ ഭാഷണവും അന്‍വര്‍ മുഹ്യുദ്ധീന്‍ ഹുദവി മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി.എം അശ്റഫ് മൗലവി, എസ്.എം.എഫ് ജനറല്‍ സെക്രട്ടറി സലാം ഫൈസി മുക്കം, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, സയ്യിദ് നൗഫല്‍ തങ്ങള്‍, കെ ഹംസക്കോയ ഹാജി, ഷറഫുദ്ധീന്‍ സൈനി, ഒ.ടി.എം സൈനി, ത്വാഹ യമാനി, യഹ്യ വെള്ളയില്‍, അബ്ദുല്‍ ഫത്താഹ് ദാരിമി, ഹാഫിള് ഉമര്‍ അന്‍സാരി, അബ്ദുല്‍ ഗഫാര്‍ ദാരിമി പ്രസംഗിച്ചു. സമസ്ത കേന്ദ്ര മുശാവറ മെമ്പറും ജില്ലാ പ്രസിഡന്റുമായ എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ സ്വാഗതവും സമസ്ത ജനറല്‍ മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.