
തിരൂരങ്ങാടി: കോഴിക്കോട് ആരംഭിച്ച മലബാർ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ തള്ളിപ്പറഞ്ഞ് ദാറുൽ ഹുദാ. ദാറുൽ ഹുദയിൽ പഠനം പൂർതിയാക്കിയ ഹുദവികളുടെ നേതൃത്വത്തിൽ ഉള്ള പ്രസാധക സ്ഥാപനമായ ബുക് പ്ലസിന്റെ നേതൃത്വത്തിൽ കോഴിക്കോട് ആരംഭിച്ച ഫെസ്റിവലുമായി ദാറുൽ ഹുദക്ക് ബന്ധമില്ലെന്നും നടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കലാ സാംസ്കാരിക സാഹിത്യ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുന്ന തരത്തിലാണ് ബുക് പ്ലസ് ഫെസ്റ്റ് അസൂത്രാണം ചെയ്തിട്ടുള്ളത്. മുസ്ലിംസിലെ യാഥാസ്ഥിക വിഭാഗത്തിലെ പുരോഗമന വാദികളാണ് ദാറുൽ ഹുദാ യുമായി ബന്ധപ്പെട്ടവർ. വിപ്ലവകരമായ പല മാറ്റങ്ങളും ഇവരുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഇത് സമസ്തയിലെ തന്നെ യാഥാസ്ഥിക വിഭാഗത്തിന് ദഹിച്ചിരുന്നില്ല. അവരുടെ നേതൃത്വത്തിൽ സ്ഥാപനത്തിനെതിരെ നടപടിക്കായി വിവിധ
സമയങ്ങളിൽ പല ശ്രമങ്ങളും നടത്തിയിരുന്നു. നിലവിലുള്ള സമസ്ത- വാഫി പ്രശ്‌നത്തിലും വാഫി വിരുദ്ധ വിഭാഗം ദാറുൽ ഹുദയെയും ലക്ഷ്യം വെച്ചിരുന്നത്രെ. എന്നാൽ അത് വിജയിച്ചില്ല. സ്ഥാപനത്തിലെ വൈസ് ചാൻസലർ ആയ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വിയെ ടാർജറ്റ് ചെയ്തും ഈ വിഭാഗം ആക്രമണം നടത്തിയിരുന്നു. അതിലും വേണ്ടത്ര വിജയിച്ചില്ല. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ആയ ഇദ്ദേഹത്തിനെതിരെ സമസ്ത വാഫി വിരുദ്ധ ചേരിയിൽ പെട്ട നേതാക്കളിൽ ചിലർ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു. കാന്തപുരം വിഭാഗത്തെ ശക്തമായി എതിർക്കുന്നതിൽ മുമ്പിലുള്ളയാളാണ് ഡോ. ബഹാഉദ്ദീൻ. കേശ വിവാദം ഇദ്ദേഹമാണ് പുറത്തു കൊണ്ട് വന്നത്. കാന്തപുരം വിഭാഗവും സമസ്തയിലെ വാഫി വിരുദ്ധ വിഭാഗവും ഒന്നിച്ചു ചേർന്ന് എന്ന മട്ടിലാണ് ഇദ്ദേഹത്തിനെതിരെയുള്ളത്. കമ്യൂണിസത്തിനെതിരെ എഴുതിയ ലേഖനങ്ങൾ നിരവധിയുണ്ട്. സുപ്രഭാതം പത്ര ത്തിന്റെ എഡിറ്റർ കൂടിയായ ഇദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് കമ്യൂണിസത്തിനെതിരെ എഴുതിയ ലേഖനം സുപ്രഭാതം തിരസ്കരിച്ചതിനെ തുടർന്ന് ചന്ദ്രികയിലാണ് പ്രസിദ്ധീകരിച്ചത്. ഇത്തരത്തിൽ 2 വിഭാഗത്തിന്റെയും കണ്ണിലെ കരടാണ് ഡോ.ബഹാഉദ്ദീൻ. ഇവർക്ക് വീണുകിട്ടിയ അവസരമായിരുന്നു മലബാർ ഫെസ്റ്റ്. സ്ത്രീകൾ, ട്രാൻസ്‌ജിൻഡർ ഉൾപ്പെടെയുള്ളവരും കമ്യൂണിസ്റ്റ്, ലിബറൽ ചിന്താഗതിക്കാരും ഉൾപ്പെടെയുള്ളവരെ പരിപാടിയിൽ പങ്കെടുക്കുന്നത് ഇരു വിഭാഗവും വിവാദമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് വലിയ ചർച്ചയാണ് നടക്കുന്നത്. ഇത് വിവാദമായതോടെയാണ് ദാറുൽ ഹുദാ കമ്മിറ്റി പരിപാടിയെ തള്ളി പറഞ്ഞിരിക്കുന്നത്. കമ്മിറ്റിയുടെ പത്രക്കുറിപ്പ് :
ദാറുല്‍ഹുദായുടെ അറിവോ അനുമതിയോ ഇല്ലാതെ ബുക്ക്പ്ലസിന്റെ പേരില്‍ ചില ഹുദവികളുടെ നേതൃത്വത്തില്‍ ഇസ്്ലാമിക അധ്യാപനങ്ങള്‍ക്കും സുന്നത്ത് ജമാഅത്തിനും സമസ്തയുടെ പാരമ്പര്യ വീക്ഷണങ്ങള്‍ക്കും വിരുദ്ധമായ രീതിയില്‍ കോഴിക്കോട്ട് വെച്ച് നടത്തപ്പെടുന്ന മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലുമായി ദാറുല്‍ഹുദാക്ക് യാതൊരു വിധ ബന്ധവുമില്ലെന്നും ഇതില്‍ പങ്കാളികളായ ഹുദവികളുടെ ഭാഗഭാഗിത്വത്തെ പറ്റി അന്വേഷിച്ച് ഉചിതമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയും ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജിയും അറിയിച്ചു.