
മുംബൈ : മലേഗാവ് സ്‌ഫോടന കേസില്‍ ബിജെപി നേതാവ് പ്രഗ്യാസിങ് താക്കൂര്‍ ഉള്‍പ്പെടെയുള്ള ഏഴു പ്രതികളെയും പ്രത്യേക എന്‍ഐഎ കോടതി വെറുതെ വിട്ടു. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് പറഞ്ഞ കോടതി ന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്നും നിരീക്ഷിച്ചു. യുഎപിഎ കുറ്റവും തെളിയിക്കാനായില്ല. 2008 സെപ്തംബര്‍ 29 ന് നടന്ന സ്‌ഫോടന കേസിലാണ് വിധി.
ബിജെപി മുന്‍ എംപി പ്രജ്ഞ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പ്രസാദ് പുരോഹിത് എന്നിവരുള്‍പ്പെടെ കേസില്‍ പ്രതികളാണ്. നാസിക്കിന് അടുത്ത് മാലെഗാവില്‍ 2008 സെപ്റ്റംബര്‍ 29നുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തിരക്കേറിയ മാര്‍ക്കറ്റിനടുത്ത് ബൈക്കില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മാലെഗാവില്‍ റമസാന്‍ മാസത്തില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. എടിഎസ് (ഭീകര വിരുദ്ധ സേന) അന്വേഷിച്ച കേസ് 2011ലാണ് എന്‍ഐഎ ഏറ്റെടുത്തത്. 2018 ല്‍ വിചാരണ തുടങ്ങി. 323 സാക്ഷികളെയും 8 പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. ഇതില്‍ 40 സാക്ഷികള്‍ കൂറുമാറിയിരുന്നു. 10,800 ലധികം തെളിവുകള്ളാണ് പരിശോധിച്ചത്. സ്‌ഫോടനം നടന്ന് 17 വര്‍ഷത്തിനു ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്.