നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി ഡോക്ടർ പൊലീസ് പിടിയിൽ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജനും കോഴിക്കോട് ജാഫർഖാൻ കോളനി സ്വദേശിയുമായ അക്കീൽ മുഹമ്മദ് ഹുസൈനെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. 2.4 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ബംഗളൂരുവിൽ നിന്നാണ് ഇത് എത്തിച്ചിരുന്നത്. മെഡിക്കൽ കോളജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 15,000 രൂപക്ക് മുകളിൽ വരുമെന്നാണ് പൊലീസ് പറയുന്നത്. സ്വന്തം ഉപയോഗത്തിനായാണ് മയക്കുമരുന്ന് കൊണ്ടുവന്നത് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മയക്കുമരുന്ന് നൽകിയതാരാണ് എന്നതിനെകുറിച്ചെല്ലാം വിശദമായ അന്വേഷണം നടന്നുവരികയാണ്. സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന നിരവധി വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. രാത്രി ഡ്യൂട്ടിയിൽ ‘ഉഷാർ’ കിട്ടാനാണത്രേ ഇത് ഉപയോഗിക്കുന്നത്. 15 ദിവസത്തെ ഹൗസ് സർജൻസി കൂടി മാത്രമേ ഇദ്ദേഹത്തിന് ബാക്കി ഉണ്ടായിരുന്നുള്ളൂ. മാതാപിതാക്കൾ വിദേശത്താണ്.
മെഡിക്കൽ കോളജിലെ ഡോക്ടർ ഇത്തരത്തിൽ ലഹരിയുമായി പിടിയിലായത് ആശങ്കയോടെയാണ് ആശുപത്രി അധികൃതരും രോഗികളും പൊലീസും നോക്കിക്കാണുന്നത്.