അമ്പലപ്പുഴ : വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍. ഒരു വിദ്യാര്‍ഥിനി കൂടി പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്, സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കല്‍ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനുമായ ചെട്ടികുളങ്ങര ശ്രീഭവനില്‍ ശ്രീജിത്താണ് (43) അറസ്റ്റിലായത്. പുന്നപ്ര പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ ലൈസാദ് മുഹമ്മദും സംഘവുമാണ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയ്ക്കിടയിലും സ്‌കൂളില്‍വച്ചും ഇയാള്‍ വിദ്യാര്‍ഥിനികളോടു മോശമായി പെരുമാറിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 19 ന് 5 വിദ്യാര്‍ഥിനികളുടെ പരാതിയെത്തുടര്‍ന്ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതിനു പുറമേ രാജിക്കത്തും എഴുതി വാങ്ങിയിരുന്നു. കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചെങ്കിലും വീണ്ടും പരാതിയുയര്‍ന്നതോടെ ജില്ലാ പൊലീസ് മേധാവി പുന്നപ്ര പൊലീസിനു കേസ് കൈമാറുകയായിരുന്നു.