പൊന്നാനിയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, ആഴക്കടലിൽ കുടുങ്ങി കിടന്നത് 2 രാത്രി

പരപ്പനങ്ങാടി: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ആഴക്കടലിൽ 2 രാത്രി കുടുങ്ങിക്കിടന്ന പൊന്നാനി മീൻതെരുവ് സ്വദേശി കളരിക്കൽ ബദറു, കല്ലിങ്ങൽ ജമാൽ, ആല്യമാക്കാനകത്ത് നാസർ എന്നിവരെയാണ് ഇന്നലെ കരയ്ക്കെത്തിച്ചത്. താനൂർ ഭാഗത്ത് 23 നോട്ടിക്കൽ മൈൽ അകലെവച്ച് പരപ്പനങ്ങാടി സ്വദേശികളുടെ ‘കുദ്ദൂസ്’ എന്ന മീൻപിടിത്ത വള്ളം ഇവരെ കണ്ടെത്തുകയായിരുന്നു. ‘കുദ്ദൂസി’ലെ തൊഴിലാളികൾ അറിയിച്ചതനുസരിച്ച്  ഫിഷറീസ് സുരക്ഷാ ബോട്ട് സ്ഥലത്തെത്തി. ഇന്നലെ രാത്രിയോടെ ഇവരെ പൊന്നാനി ഹാർബറിലെത്തിച്ചു. 

മീൻപിടിത്തത്തിനിടെ വെള്ളം കയറി വള്ളത്തിന്റെ 2 എൻജിന്റെയും പ്രവർത്തനം നിലച്ചതാണ് അപകട കാരണം. ഇതോടെ വള്ളം നിയന്ത്രണംവിട്ട് കടലിൽ ഒഴുകാൻ തുടങ്ങി. പൊന്നാനി ഭാഗത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചത്. തൃശൂരിൽനിന്നുള്ള ഫിഷറീസ് വകുപ്പിന്റെ പട്രോൾ ബോട്ട്, ബേപ്പൂരിൽനിന്നുള്ള മറൈൻ ആംബുലൻസ്, പൊന്നാനിയിൽനിന്നുള്ള ഫിഷറീസ് സുരക്ഷാ ബോട്ട്, തീര സംരക്ഷണ സേനയുടെ കപ്പൽ എന്നിവയും കൊച്ചിയിൽ നിന്നുള്ള ഹെലികോപ്റ്ററും തിരച്ചിൽ നടത്തിവരികയായിരുന്നു.

https://tirurangaditoday.in/wp-content/uploads/2022/01/VID-20220103-WA0013.mp4
കാണാതായവരെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നതിന്റെ വീഡിയോ
error: Content is protected !!