ഒഴുർ : അസമിലെ ഗുവാഹത്തിയില്‍ നടന്ന പന്ത്രണ്ടാമത് ദേശീയ പാരാ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടി മലപ്പുറം ഒഴൂര്‍ സ്വദേശി മുഹമ്മദ് ഷഫീഖ്. 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്,100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഇനങ്ങളില്‍ സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് മുഹമ്മദ് ഷഫീഖ് തന്റെ കന്നി ദേശീയ ചാംപ്യന്‍ഷിപ്പിന് തിരിച്ചത്. പങ്കെടുത്ത മൂന്നിനങ്ങളില്‍ ഒന്നിനാണ് താരത്തിന് വെങ്കല മെഡല്‍ ലഭിച്ചത്.
അസം പാരാ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ഗുവാഹത്തിയില്‍ നവംബര്‍ 11 മുതല്‍ 13 വരെ ചാംപ്യന്‍ഷിപ്പ് നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് സീനിയര്‍(ആണ്‍, പെണ്‍), ജൂനിയര്‍ വിഭാഗങ്ങളിലായി അബ്ദുല്ല സാദിഖ്, ജയന്‍ സി കെ, മന്‍സൂര്‍, ഷാന്‍ എസ്, സജി കെറ്റി, കൃഷ്‌ണേന്ദു കെ ഐ, ആശില്‍ കെ എം, നികേഷ് പി കെ, ജീവ ശിവന്‍ എസ്, നിനി കെ സെബാസ്റ്റ്യന്‍, സാന്ദ്ര ഡേവിസ് എന്നിവരാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.
ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് അഭിമാനകരമായ നേട്ടവുമായി 17ന് നാട്ടില്‍ തിരിച്ചെത്തുന്ന മുഹമ്മദ് ഷഫീഖിന് സ്വീകരണം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫാ. സോളമന്‍(ടീം മാനേജര്‍), അഡ്വക്കേറ്റ് വിനോദ്(അസിസ്റ്റന്റ് മാനേജര്‍), സന്ധ്യ എസ്(ലേഡി മാനേജര്‍), ലുക് വിന്‍ കെ തോംസന്‍(പരിശീലകന്‍), ലീന തോംസന്‍(ലേഡി കെയര്‍ടേക്കര്‍), അഖില്‍(എസ്‌കോര്‍ട്ട്).