കൊച്ചി : കാക്കനാട്ടെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ മുന്നൂറിലേറെ പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും. ഡിഎല്‍എഫ് ഫ്‌ലാറ്റിലാണ് സംഭവം. കഴിഞ്ഞാഴ്ച മുതലാണ് കുട്ടികളും പ്രായമായവരുമടക്കം നിരവധി പേര്‍ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയത്. 338 പേര്‍ക്കാണ് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധയെന്നു സംശയിക്കുന്നതായി ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് കുടിവെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചു. ഇതില്‍ കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ജല അതോറിറ്റി, മഴവെള്ള സംഭരണി, കുഴല്‍ക്കിണര്‍, കിണര്‍, ടാങ്കര്‍ എന്നിവിടങ്ങളിലെ വെള്ളമാണ് ഫ്‌ലാറ്റിലെ താമസക്കാര്‍ ഉപയോഗിച്ചത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ജൂണ്‍ ഒന്നിനാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എണ്ണം വര്‍ധിക്കുകയായിരുന്നു. ഇന്നലെ വരെ ഏകദേശം 338 പേര്‍ ചികിത്സ തേടിയെന്നാണ് കണക്ക്. ഇതില്‍ അഞ്ച് വയസില്‍ താഴെയുള്ള 25ലധികം കുട്ടികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രിയുടെ ഓഫിസില്‍ ഇന്നലെ വിളിച്ച് പരാതി പറഞ്ഞശേഷമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ എത്തിയതെന്ന് താമസക്കാര്‍ പറയുന്നു. അഞ്ഞൂറില്‍ അധികം പേര്‍ക്ക് രോഗബാധയുണ്ടായതായി സംശയിക്കുന്നതായി ഫ്‌ലാറ്റിലെ താമസക്കാര്‍ പറഞ്ഞു.
15 ടവറുകളിലായി ഡിഎല്‍എഫിന് 1268 ഫ്‌ലാറ്റുകളും അതില്‍ അയ്യായിരത്തിലധികം താമസക്കാരുമുണ്ട്. മെയ് 27, 28 തീയതികള്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കാക്കാനാട് വലിയ രീതിയിലുള്ള വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഫ്‌ലാറ്റിന്റെ താഴ്ഭാഗം വരെ മുങ്ങിപോകുന്ന അവസ്ഥയുണ്ടായി. ഇതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫ്‌ലാറ്റിന് താഴെത്തെ ജല സംഭരണിയില്‍ മലിനജലം കയറിയതാകാം ആരോഗ്യപ്രശ്നത്തിന് കാരണമെന്നാണ് കരുതുന്നത്.
ഇന്നലെയാണ് ഫ്‌ലാറ്റിലുള്ളവര്‍ വിളിച്ച് പ്രശ്‌നം പറയുന്നതെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എണ്ണൂറിലധികംപേര്‍ക്ക് അസുഖമുണ്ടായി എന്നാണ് ഫ്‌ലാറ്റിലുള്ളവര്‍ പറഞ്ഞത്. ഉടനെ ഡിഎച്ച്എസിനെ വിളിച്ച് വിവരം പറഞ്ഞു. സ്വകാര്യ ആശുപത്രിയിലാണ് മിക്കവരും ചികിത്സ തേടിയത്. ആരോഗ്യവകുപ്പില്‍ ഈ വിവരം ഉണ്ടായിരുന്നില്ല. സീനിയര്‍ ഡോക്ടര്‍മാര്‍ ഫ്‌ലാറ്റുകളില്‍ പരിശോധന നടത്തി വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചു. താമസക്കാരുമായി ആശയവിനിമയം നടത്തി. ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കാത്തതിനാല്‍ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. 340 പേര്‍ക്ക് രോഗം ബാധിച്ചതയാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്. 5 പേര്‍ ചികിത്സയിലാണ്. ബോധവല്‍ക്കരണ പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.