
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ശബരിമല വിവാദത്തെ തുടര്‍ന്നാണ് അജിത് കുമാറിനെ പൊലീസില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്. നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അവധിയില്‍ പ്രവേശിച്ചിരുന്നു. ബറ്റാലിയനില്‍ നിന്നും മാറ്റിയ കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ശബരിമല ട്രാക്ടര്‍ യാത്രയില്‍ വീഴ്ച കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി.
അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര വിവാദത്തിലായിരുന്നു. വിഷയത്തില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എംആര്‍ അജിത് കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ജൂലായ് മാസം ആദ്യ ആഴ്ച്ചയാണ് അജിത് കുമാര്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്ര ചെയ്തത്. അടുത്തദിവസം തിരിച്ചും ട്രാക്ടറില്‍ മലയിറങ്ങി. പൊലീസിന്റെ ട്രാക്ടറില്‍ ആയിരുന്നു നവഗ്രഹ പ്രതിഷ്ഠാ ദര്‍ശനത്തിനുള്ള യാത്ര. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്. ഇത് ലംഘിച്ചായിരുന്നു യാത്ര.
കാലുവേദനിച്ചതുകൊണ്ട് ട്രാക്ടറില്‍ കയറിയെന്നായിരുന്നു അജിത് കുമാര്‍ വിശദീകരണം നല്‍കിയിരുന്നത്. ട്രാക്ടര്‍ യാത്ര നിയമലംഘനമാണെന്ന് ഡി.ജി.പി റാവാഡ ചന്ദ്രശേഖര്‍ സ്ഥിരീകരിക്കുകയും അജിത്കുമാറിന്റെ വിശദീകരണം അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. അതേസമയം കാലുവേദനിച്ചതുകൊണ്ട് ട്രാക്ടറില്‍ കയറിയെന്നായിരുന്നു അജിത് കുമാറിന്റെ വാദം. ഇത് വിശ്വസിക്കാനും അംഗീകരിക്കാനും സാധിക്കില്ലെന്നാണ് ഡി.ജി.പിയുടെ നിലപാട്.