ചെമ്മാട് : ധാർമ്മികതയാണ് പരിഹാരം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന തിരൂരങ്ങാടി ഏരിയാ മുജാഹിദ് വൈജ്ഞാനിക സമ്മേളനം 23 ന് വൈകുന്നേരം 4 മണി മുതൽ തലപ്പാറയിൽ നടക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഖുർആൻ വിവർത്തകനുമായ സി.കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉൽഘാടനം ചെയ്യും. കെ.പി എ മജീദ് എം എൽ എ മുഖ്യാഥിതിയായിരിക്കും.
വർത്തമാന കാല സാഹചര്യങ്ങളിൽ വർദ്ധിച്ച് വരുന്ന അധാർമിക പ്രവണതകൾക്കെതിരെയുള്ള ബോധവൽകരണം, മദ്യവും മയക്ക്മരുന്നുo ലഹരിയും സമൂഹത്തിലുണ്ടാക്കുന്ന കെടുതിയെയും അപകടങ്ങളെയും അതിനെ അതിജയിക്കാനുള്ള മാർഗ്ഗങ്ങളെയും കുറിച്ചുള്ള പഠനം, കുടുംബത്തിന്റ ശിഥിലീകരണത്തിനും സാമൂഹിക ഭദ്രത തകർക്കാനും തന്ത്രങ്ങൾ മെനയുന്ന നവലിബറൽ ചിന്തകളുടെ അപകടങ്ങളെ കുറിച്ചുള്ള വിവരണം , ദൈവ നിഷേധവും മതനിരാകരണവും സമൂഹത്തിലുണ്ടാക്കുന്ന വിനകൾ, ലിംഗനിഷ്പക്ഷതയുടെ പ്രചാരണത്തിന്റ രാഷ്ട്രീയം, ഏകദൈവ വിശ്വാസം നൽകുന്ന നിർഭയത്വവും മന:ശാന്തിയും, കുടുംബ ജീവിതം ആസ്വാദ്യകരമാക്കാൻ , അന്ധവിശ്വാസങ്ങളും ആത്മീയ ചൂഷണങ്ങളും എന്നിവ സമ്മേളനം ചർച്ച ചെയ്യും.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ അധ്യക്ഷത വഹിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് ,ഫൈസൽ മൗലവി പുതുപറമ്പ്, പ്രൊഫസർ ജൗഹർ മുനവ്വിർ , കെ.എം റാഷിക് അൽഹികമി പ്രഭാഷണം നടത്തും.
തിരൂരങ്ങാടി , പരപ്പനങ്ങാടി , യുണിവേഴ്സിറ്റി, ഏആർ നഗർ,വേങ്ങര, പെരുവള്ളൂർ എന്നിവിടങ്ങളിൽ നിന്നായി മുവായിരം പ്രതിനിധികൾ പങ്കെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ ആയ വി വി ഹംസ, സി.പി.മുസ്തഫ, അബ്ദുൽ മജീദ് കരിപറമ്ബ്, കുഞ്ഞിമോൻ തലപ്പാറ, റഹ്മത്തുള്ള ചെമ്മാട്, ഹബീബ് ചെമ്മാട്, എം സി സി ഹാമിദ് എന്നിവർ പറഞ്ഞു.