മുന്നിയൂർ പാറക്കടവ് ക്വാർട്ടേഴ്‌സിലെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം തടവ്

തിരൂരങ്ങാടി: മുന്നിയൂർ പാറക്കടവിൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഒഡിഷ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഛത്തീസ്ഗഡ് സ്വദേശിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഛത്തീസ്ഗഡ് ബിൻരാജ് നഗർ സ്വദേശി ബൂട്ടിഭാഗേലിനെയാണ് (47) തിരൂർ ജില്ലാ അഡിഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഒഡീഷ സ്വദേശിയായ ലക്ഷ്മൺ മാജി (41) ആണു കൊല്ലപ്പെട്ടത്.

2020 ഫെബ്രുവരി 20ന് മുന്നിയൂർ പാറക്കടവ് ക്വാർട്ടേഴ്‌സിൽ ആണു കൊല നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ലക്ഷ്മണൻ മാജിയെ കൂടെ താമസിച്ചിരുന്ന ബൂട്ടി ഭാഗേൽ പുലർച്ചെ ഒരു മണിയോടെ മഴു കൊണ്ട് കഴുത്തിനു വെട്ടി കൊലപ്പെടുത്തിയെന്നാണു കേസ്. തിരൂരങ്ങാടി പോലീസ് ആണ് കേസ് അന്വേഷിച്ചത്. അഡീഷനൽ ജില്ലാ സെഷൻസ് സ്പെഷൽ കോടതി ജഡ്ജി എൻ.ആർ.കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനു പുറമേ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.പി.അബ്ദുൽ ജബ്ബാറാണു കേസ് വാദിച്ചത്. എൻ.വി.ഷിജി, കെ.അനിൽ കുമാർ, കെ.പി.സുജിത്, പി.ശ്രീരാജ് എന്നിവരും സഹായികളായി പ്രവർത്തിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. സാക്ഷികളെല്ലാം ഇതര സംസ്‌ഥാനക്കാർ ആയിരുന്നു. എല്ലാവരും പ്രോസിക്യൂഷന് ഒപ്പം നിന്നത് കൊണ്ടാണ് കേസ് വിജയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

error: Content is protected !!