നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പൂര്‍ത്തീകരിക്കും: മന്ത്രി റിയാസ്

നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം:
എസ് പ്രേംകൃഷ്ണനെ നോഡല്‍  ഓഫീസറായി  നിയോഗിച്ചു

മലപ്പുറം : നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഏകോപനത്തിനും തുടര്‍ നടപടികള്‍ക്കുമായി ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു. പാത നവീകരണ പ്രവൃത്തി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ നോഡല്‍ ഓഫീസര്‍ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പൂര്‍ത്തീകരിക്കും. ആവശ്യമായ മേഖലകളില്‍ സ്ഥലം ഏറ്റെടുക്കലിന് എം.എല്‍.എമാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനം ജില്ലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കും. ദേശീയപാത, മലയോരപാത, തീരദേശ ഹൈവേ എന്നിവ ജില്ലയില്‍ പ്രധാന വികസന പദ്ധതികളാണ്. വളാഞ്ചേരി, കോട്ടക്കല്‍ നഗരങ്ങളിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ കാര്യക്ഷമമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ മാസവും ഡിസ്ട്രിക്റ്റ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എം.എല്‍.എമാരെ അറിയിക്കണം. ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെയുള്ള കാലയളവിനുള്ളില്‍ എം.എല്‍.എമാരെ പങ്കെടുപ്പിച്ച് ഡിഫക്ട് ലയബിലിറ്റി പിരീഡ് പ്രസിദ്ധപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിങിന് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമുണ്ടായതിനാല്‍ റസ്റ്റ് ഹൗസുകള്‍ കൂടുതല്‍ കാര്യക്ഷമവും സൗകര്യപ്രദവുമാക്കണം. ഇതിനായി എം.എല്‍.എമാര്‍ മുന്‍കൈയെടുക്കണം. പൊതുമരാമത്ത് ഓഫീസുകള്‍ക്കായി കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ച ശേഷം വൈദ്യുതീകരണത്തിനായി ചുമരുകള്‍ കുത്തിപൊളിക്കുന്നത് യാതൊരു കാരണവശാലും അനുവദിക്കില്ല. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് കൃത്യമായ വിവരം ലഭിക്കുന്നുണ്ടെന്നും പരാതി ലഭിച്ചില്ലെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് പ്രവൃത്തികള്‍ നടക്കുന്നിടങ്ങളില്‍ എഞ്ചിനീയര്‍മാരും സൂപ്പര്‍വൈസര്‍മാരും നിര്‍ബന്ധമായും ഉണ്ടാകണം. പ്രവൃത്തികളില്‍ കൃത്രിമം നടത്താന്‍ സാഹചര്യമുണ്ടാക്കരുത്. കൃത്രിമം കാട്ടിയ കരാറുകാരെ നീക്കം  ചെയ്താല്‍ വളരെ വേഗത്തില്‍ തന്നെ റീ ടെന്‍ഡര്‍ ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു. പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതില്‍ കാലാതാമസം ഉണ്ടാകരുതെന്നും തെറ്റായ പ്രവണതകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. റസ്റ്റ് ഹൗസ് നവീകരണം ഉള്‍പ്പെടെയുള്ളവ വളരെ നല്ല കാര്യമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനെ നവീകരിക്കാന്‍ നടപടികള്‍ തുടരുന്ന മന്ത്രിയെ പി.വി അന്‍വര്‍ എം.എല്‍.എ അഭിനന്ദിച്ചു. വിവിധ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികള്‍ സംബന്ധിച്ച എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.പി.എം അഷ്റഫ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. 
എം.എല്‍.എമാരായ ഡോ.കെ.ടി ജലീല്‍, പി.വി അന്‍വര്‍, പി.നന്ദകുമാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, എ.പി അനില്‍കുമാര്‍, കെ.പി.എ മജീദ്, ടി.വി ഇബ്രാഹിം, പി അബ്ദുള്‍ ഹമീദ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, പി ഉബൈദുള്ള, അഡ്വ.യു.എ ലത്തീഫ്, കുറുക്കോളി മൊയ്തീന്‍, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി സാംബശിവറാവു, നോഡല്‍ ഓഫീസര്‍  എസ്. സുഹാസ് ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേം കൃഷ്ണന്‍, എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!