നന്നമ്പ്ര കുടിവെള്ള പദ്ധതി 2024-ല്‍ കമ്മീഷന്‍ ചെയ്യാനാകും: കെ.പി.എ മജീദ്

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതി 2024-ല്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നന്നമ്പ്രയില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. നന്നമ്പ്രയിലെ എട്ടായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നതിന് 96.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനായുള്ള ടെണ്ടര്‍ പ്രവൃത്തികളിലേക്ക് കടക്കുകയാണ്. പേപ്പര്‍ വര്‍ക്കുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ശ്രമമെന്നും അതിന് എല്ലാവരും സഹകരിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ പറഞ്ഞു.
ബാക്കിക്കയത്ത് സ്ഥാപിക്കുന്ന എട്ട് മീറ്റര്‍ വ്യാസത്തിലുള്ള കിണറില്‍ നിന്നും ചുള്ളിക്കുന്നില്‍ സ്ഥാപിക്കുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ വെള്ളമെത്തിക്കാനാണ് പദ്ധതി തെയ്യാറാക്കിയിട്ടുള്ളത്. ബാക്കിയത്ത് സ്ഥാപിക്കുന്ന പമ്പ് ഹൗസിനൊപ്പം ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കും. ഇതിനായി 12 സെന്റ് സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ശുദ്ധീകരണ ശാലയും വാട്ടര്‍ ടാങ്കും സ്ഥാപിക്കുന്നതിന് പഞ്ചായത്ത് 52 സെന്റ് സ്ഥലം കൊടിഞ്ഞി ചുള്ളിക്കുന്നില്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. എട്ട് ദശലക്ഷം ലിറ്റര്‍ വെള്ളം ദിവസവും ശുദ്ധീകരിക്കാവുന്ന പ്ലാന്റാണ് ചുള്ളിക്കുന്നില്‍ സ്ഥാപിക്കുക. ഓരോ വ്യക്തിക്കും ദിവസം 100 ലിറ്റര്‍ വെള്ളം എന്ന തോതിലാണ് ലഭ്യാമാക്കുകയെന്ന് കുടിവെള്ള പദ്ധതിയുടെ അസിസ്റ്റന്റ് എഞ്ചിനിയര്‍ ഷിബിന്‍ അശോക് യോഗത്തില്‍ വിശദീകരിച്ചു.
വീടുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനുമായി 105 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ ശൃംഖല നിര്‍മ്മിക്കും. ദേശീയ പാത കരുമ്പിലില്‍ റോഡ് ക്രോസ് ചെയ്ത് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി തേടിയിട്ടുണ്ട്. പൊതുമരാമത്ത് റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും അനുമതിക്കായി ഉടന്‍ നല്‍കും. റോഡ് കീറിയാല്‍ അവ പുനര്‍ നിര്‍മ്മിക്കുന്നതിന് 30 കോടി രൂപ ഇതിനോടപ്പം തന്നെ അനുവദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗുണഭോക്തൃ വിഹിതമില്ലാതെയാണ് പദ്ധതി നടപ്പിലാക്കുക. സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ മാത്രമേ ഗുണഭോക്തൃ വിഹിതം നല്‍കേണ്ടി വരികയൊള്ളുവെന്നാണ് വിവരം. പദ്ധതി വേഗത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ യോഗം ചേര്‍ന്നത്.
യോഗത്തില്‍ മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, പ്രസിഡന്റ് പി.കെ റൈഹനത്ത്, വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട്ടി, ഒടിയില്‍ പീച്ചു, സി ബാപ്പുട്ടി, പി. സുമിത്ര ചന്ദ്രന്‍, മുന്‍ പ്രസിഡന്റുമാരായ കെ കുഞ്ഞിമരക്കാര്‍, പനയത്തില്‍ മുസ്തഫ, മതാരി അബ്ദുറഹ്മാന്‍ കുട്ടി ഹാജി, യു.എ റസാഖ്, ഷാഫി പൂക്കയില്‍, മോഹനന്‍ നന്നംബ്ര, മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

error: Content is protected !!