വെന്നിയൂർ : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിന്റെ ഭാഗമായി വെന്നിയൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാൻ ഉൾപെടുന്ന സ്ഥലം ഹൈവേ അക്വിസിഷൻ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ വെന്നിയൂർ മഹല്ല് ഖബർസ്ഥാനിൽ ഇനിയും മാറ്റാതെ അവശേഷിക്കുന്ന നൂറുകണക്കിന് ഖബറുകൾ കേരള മുസ്‌ലിം ജമാഅത്ത് , എസ് വൈ എസ്, എസ് എസ് എഫ് വെന്നിയൂർ ഘടകത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ തുറന്ന് പരിശോധിച്ച് ശേഷിപ്പുകൾ മാറ്റി മറവ് ചെയ്യുന്നു.
പുരാതനമായ വെന്നിയൂർ മഹല്ല് ഖബർസ്ഥാനിലെ ഏതാനും ഖബറുകൾ അവകാശികൾ അവരുടെ സ്വന്തം ചിലവിൽ മാറ്റി സ്ഥാപിച്ചിരുന്നു. ആയതിന് ശേഷവും നൂറ്റാണ്ട് പഴക്കമുള്ള പല ഖബറുകളും ഇത് വരെ മാറ്റാതെ അവശേഷിക്കുന്നു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ … https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe
ഉത്തരവാദിത്വപ്പെട്ട അവകാശികൾ ഇല്ലാത്തതിനാലോ ഖബർ മാറ്റി സ്ഥാപിക്കാനുള്ള സാമ്പത്തിക ബാധ്യത വഹിക്കാൻ കഴിയാത്തതിനാലോ ഇനിയും മാറ്റാതെ കിടക്കുന്ന ഖബറുകൾ മാറ്റി മറവ് ചെയ്യുന്നതിന് കേരള മുസ്‌ലിം ജമാഅത്ത് തയ്യാറെടുക്കുന്നു.
ആയിരത്തി എണ്ണൂറിലധികം വീടുകൾ ഉൾകൊള്ളുന്ന വെന്നിയൂർ മഹല്ല് ജുമാ മസ്ജിദിന്റെ ഖബറിസ്ഥാന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്.
വർഷങ്ങൾ പഴക്കമുള്ള ഖബറുകൾ തുറന്ന് പരിശോധിച്ച് ശേഷിപ്പുകൾ ഉള്ളവ മാറ്റി മറവ് ചെയ്യാനുള്ള നടപടികൾക്കാണ് കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം നൽകുന്നത്.
പ്രസ്തുത ഖബറുകൾ മാറ്റി മറവ് ചെയ്യുന്നതിനാവശ്യമായ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ കേരള മുസ്‌ലിം ജമാഅത്ത് തയ്യാറാണെന്ന് ഭാരവാഹികൾ മഹല്ല് അതികൃതരെ അറിയിച്ചിരുന്നു.
സെപ്തംബർ 7 ബുധനാഴ്ച രാവിലെ 6.30 ന് ഖബറുകൾ മാറ്റി മറവ് ചെയ്യുന്ന പ്രവർത്തികൾക്ക് തുടക്കം കുറിക്കും.
ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് തെങ്ങിലകത്ത് മൂസ ഹാജി അധ്യക്ഷത വഹിച്ചു. കെ വി മുഹമ്മദ് ഹസൻ സഖാഫി, എൻ എം സൈനുദ്ദീൻ സഖാഫി , പി. കോയ മാസ്റ്റർ, എൻ എം അബ്ദുറഹിമാൻ, ചോലയിൽ ബാപ്പു ഹാജി, മണിപറമ്പത്ത് അബ്ദുസമദ്, നന്നമ്പ്ര കുഞ്ഞിമൊയ്തീൻ, ചോലയിൽ ഫൈസൽ, നാസർ മാട്ടിൽ, മൂന്നാം കണ്ടത്തിൽ ഹംസ ഹാജി , ഉവൈസ് നൂറാനി, ഇഖ്ബാൽ ലത്തീഫി,അഷ്റഫ് യു കെ തുടങ്ങിയവർ സംബന്ധിച്ചു.