
നവോദയ വിദ്യാലയങ്ങളിൽ 2026-27 ലെ ആറാം ക്ലാസ് പ്രവേശനത്തിന് ജൂലൈ 29 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീയില്ല. അംഗീകൃത സ്കൂളിൽ 3,4 ക്ലാസുകളിൽ പഠിച്ച്, ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരാകണം. അംഗീകൃത ഓപ്പൺ സ്കൂളുകാർ ‘ബി’ സർട്ടിഫിക്കറ്റ് ഹാജരാക്കണം. നേരത്തെ 5 ജയിച്ചവരും 2026 ൽ രണ്ടാം ചാൻസിൽ ജയിക്കുന്നവരും അപേക്ഷിക്കേണ്ട. സ്ഥിരതാമസവും പഠനവും സ്കൂൾ സ്ഥിതിചെയ്യുന്ന ജില്ലയിലാകണം. ജനനം 2014 മെയ് 1 – 2016 ജൂലൈ 31. ആർക്കും പ്രായത്തിൽ ഇളവില്ല. ഫോമിനും പ്രോസ്പെക്ടസിനും www.navodaya.gov.in.
അപേക്ഷകരെ സഹായിക്കാൻ കേരളത്തിലെ 14 ജില്ലകളിലെ നവോദയ സ്കൂളുകളിലും സൗജന്യ ഹെൽപ്ഡെസ്ക് ഉണ്ട്. സ്കൂളിൽ താമസിച്ചു പഠിക്കണം. സിബിഎസ്സി സിലബസാണ്. 8 വരെ മലയാളം മീഡിയം. തുടർന്ന് മാത്മാറ്റിക്സും സയൻസും ഇംഗ്ലീഷിലും സോഷ്യൽ സയൻസ് ഹിന്ദിയിലും. 9-12 ക്ലാസുകളിൽ മാത്രം 600 രൂപ പ്രതിമാസ ഫീസുണ്ട്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ, പെൺകുട്ടികൾ, പട്ടിക, ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് ഈ ഫീസുമില്ല. സർക്കാർ ജീവനക്കാരുടെ കുട്ടികൾക്ക് വേറെ നിരക്കുണ്ട്. ഒൻപതാം ക്ലാസിലേക്ക് കടക്കുന്ന കുട്ടികൾ ഹിന്ദി മേഖലയിലെവിടെയെങ്കിലും ഒരു വർഷം പഠിക്കണം.