ഫാറൂഖ് കോളേജിന് സമീപം കഫേയുടെ മറവിൽ വിദ്യാർഥികൾക്ക് ലഹരി കച്ചവടം, യുവാവ് പിടിയിൽ

കോഴിക്കോട് : കോളേജ്‌ വിദ്യാര്ഥികൾക്കിടയിൽ വില്പനക്കായി കൊണ്ടുവന്ന ന്യൂജൻ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. 5 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശിയാണ് പൊലീസിന്‍റെ പിടിയിലായത്. മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടിൽ മുഹമ്മദ് ഷഫീർ (27) ആണ് മയക്കുമരുന്നുമായി പിടിയിലായത്. ഫാറൂഖ് കോളേജിന് സമീപം കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന സ്പോട് കഫേയുടെ മറവിലാണ് ഷഫീർ വൻതോതിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. സമീപ കാലത്ത് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസുകളിൽ ഉൾപെടുന്നവർ അധികവും വിദ്യാർത്ഥികളാണെന്ന് കോഴിക്കോട് നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ പ്രകാശൻ പി പടന്നയിൽ പറഞ്ഞു.

നമ്മുടെ യുവ തലമുറയെ ആണ് ലഹരി മാഫിയ ലക്ഷ്യം വെക്കുന്നത്. സ്‌കൂൾ, കോളേജ് എന്നിവ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി ഉപയോഗം നടക്കുന്നുണ്ട്. കൗതുകത്തിന് തുടങ്ങി പിന്നീട് ഉപയോഗിക്കാൻ പണത്തിനായി ലഹരി കച്ചവടത്തിലേക്കും പിന്നീട് മറ്റ് കുറ്റകൃത്യങ്ങളിലേക്കും യുവ തലമുറ ചെന്നെത്തുന്നു. രക്ഷിതാക്കളുടെ കൃത്യമായ നിരീക്ഷണതിലുടെയും ബോധവത്കരണങ്ങളിലൂടെയും മാത്രമേ വിദ്യാര്ഥികൾക്കിടയിലെ ലഹരി ഉപയോഗം കുറച്ചുകൊണ്ട് വരുവാൻ സാധിക്കു. ഇത്തരം കേസുകളിൽ ലഹരി വിൽപ്പന നടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കും- നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ പറഞ്ഞു.

error: Content is protected !!