
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. വലിയ രീതിയില്‍ ജീര്‍ണിച്ച നിലയിലല്ല മൃതദേഹം. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. ഭസ്മവും പൂജാദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആ?ദ്യഘട്ടത്തില്‍ കുടുംബത്തിന്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളതെന്നാണ് വിവരം. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കല്ലറ പൊളിക്കാന്‍ പൊലീസും സംഘവും സ്ഥലത്തെത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. സബ് കളക്ടര്‍ സ്ഥലത്തെത്തി കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് കല്ലറ പൊളിച്ചത്. നെഞ്ചു വരെ പൂജാസാധനങ്ങള്‍ നിറച്ച നിലയിലാണ് മൃതദേഹം ഉള്ളത്. മൃതദേഹം അഴുകിയ നിലയിലാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം. അതിനാല്‍ ഫോറന്‍സിക് സര്‍ജന്‍ അടക്കം സംഘവും സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ അഴുകിയിട്ടില്ലാത്തതിനാല്‍ ഫോറന്‍സിക് സംഘം മടങ്ങി.
കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസില്‍ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതില്‍ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടര്‍ന്നാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്. ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തില്‍ ഇന്നലെ നിര്‍ണായക ചോദ്യങ്ങളാണ് ഹൈക്കോടതി ഉയര്‍ത്തിയത്. മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണമാണെന്ന നിഗമനത്തിലേക്ക് കോടതിക്ക് എത്തേണ്ടിവരുമെന്നും മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞിരുന്നു. കുടുംബത്തിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ചോദ്യം.