തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് പുതിയ യന്ത്രങ്ങള്‍ അനുവദിക്കുമെന്ന് നിയോജക മണ്ഡലം എംഎല്‍എ കെ.പി.എ. മജീദ് പ്രഖ്യാപിച്ചു. താലൂക്ക് ആശുപത്രിയിലെ പുതിയ ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് യന്ത്രങ്ങള്‍ അനുവദിക്കുക. ഇതോടെ 100 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. നിലവില്‍ 2 യൂണിറ്റുകളിലായി 13 യന്ത്രങ്ങളാണുള്ളത്. ഇതില്‍ 70 അവര്‍ക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്.
പഴയ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന ബില്‍ഡിംഗില്‍ കൂടുതല്‍ മെഷീനുകള്‍ സ്ഥാപിക്കാന്‍ പറ്റാത്ത അസൗകര്യവും ആശുപത്രി വിപുലീകരണത്തിന്റെ ഭാഗമായി അടുത്ത് തന്നെ പഴയ കെട്ടിടം പൊളിക്കാനിരിക്കുന്നതുമാണ് പുതിയ ബ്ലോക്കിലേക്ക് സെന്റര്‍ മാറ്റിയത്. പുതിയ ബ്ലോക്കില്‍ 25 ഓളം മെഷീനുകള്‍ സ്ഥാപിക്കാന്‍ കഴിയും.
അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് പൂതിയ ബ്ലോക്ക് ആശുപത്രിയിലെ 2 ഡയാലിസിസ് യൂണിറ്റുകളില്‍ സര്‍ക്കാര്‍ ആരംഭിച്ച ഡയാലിസിസ് യൂണിറ്റ് ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റും ഇപ്പോള്‍ ഒരേ കെട്ടിടത്തിലായി. നേരത്തേ 2 യൂണിറ്റുകള്‍ 2 സ്ഥലങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
നഗരസഭാധ്യക്ഷന്‍ കെ.പി.മുഹമ്മദ് കുട്ടി ആധ്യക്ഷ്യം വഹിച്ചു. സ്ഥിരസമിതി അധ്യക്ഷന്‍മാരായ സി.പി.ഇസ്മായില്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍ സോനാ രതീഷ,് ഡി വിഷന്‍ കൗണ്‍സിലര്‍ അഹമ്മദ് കുട്ടി കക്കടവത്ത്, സെക്രട്ടറി ടി . മനോജ് കുമാര്‍, ആര്‍എംഒ ഡോ. സി.എച്ച്. ഹഫീസ് റഹ്‌മാന്‍, അരിമ്പ്ര മുഹമ്മദ്, എം അബ്ദുമാന്‍ കുട്ടി, പി.കെ.അബ്ദുല്‍ അസീസ്, എം.പി.ഇസ്മായില്‍, കെ.മൊയ്തീന്‍ കോയ, ശ്രീരാഗ് മോഹനന്‍, സിദ്ദീഖ് പനയ്ക്കല്‍, സി.പി.അബ്ദുല്‍ വഹാബ്, വി.പി കുഞ്ഞാമു, സി.പി. അബ്ദുല്‍ ലത്തീഫ്, മലയില്‍ പ്രഭാകരന്‍, കെ.രത്‌നാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.