Wednesday, October 29

നീണ്ട പ്രണയത്തിനൊടുവില്‍ നാല് മാസം മുമ്പ് വിവാഹം ; മരിക്കാന്‍ പോവുകയാണെന്ന് അമ്മക്ക് സന്ദേശം അയച്ച നവവധു ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍

കാസര്‍കോട്: നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ.നന്ദനയെയാണ് (21) ഞായറാഴ്ച ഉച്ചയ്ക്കു മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏക മകളാണ്.

ഏപ്രില്‍ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍തൃ വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള പീഡനം നേരിട്ടതായി നിലവില്‍ വിവരമില്ലെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

രാവിലെ നന്ദന താന്‍ മരിക്കാന്‍ പോവുകയാണെന്ന ഫോണ്‍ സന്ദേശം അമ്മ സീനയ്ക്ക് അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടന്‍ അമ്മ നന്ദനയുടെ ഭര്‍ത്താവ് രഞ്‌ജേഷിനെ വിളിച്ചു. രഞ്‌ജേഷ് ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. വീട്ടുകാരെ വിളിച്ചപ്പോള്‍ നന്ദനയുടെ മുറി പൂട്ടിയ നിലയിലായിരുന്നു. മുട്ടിയിട്ടും തുറക്കാത്തതിനാല്‍ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ആര്‍ഡിഒ ബിനു ജോസഫ്, എസ്‌ഐ കെ.എന്‍.സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

error: Content is protected !!