എന്‍.ഐ.ഇ.ടി.ടിയും സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജും
അക്കാദമിക സഹകരണത്തിന് ധാരണയായി


കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജും (സി.യു.ഐ.ഇ.ടി.) നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ ആന്‍ഡ് ട്രെയിനിങ് ടെക്നോളജിയും (എന്‍.ഐ.ഇ.ടി.ടി.) അക്കാദമിക സഹകരണത്തിന് ധാരണാ പത്രം ഒപ്പു വെച്ചു. പ്രിന്റിങ് ആന്‍ഡ് ബൈന്‍ഡിങ്, ഫിനിഷിങ് ടെക്നോളജി, ഫാക്കല്‍റ്റി പരിശീലനം തുടങ്ങിയ മേഖലകളിലെ സഹകരണവും സാങ്കേതിക വിദ്യയുടെ കൈമാറ്റവുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ നേവിയുടെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിക സ്ഥാപനമാണ് എന്‍.ഐ.ഇ.ടി.ടി. ഈ സ്ഥാപനത്തിലെ കേഡറ്റുകള്‍ക്കും സി.യു.ഐ.ഇ.ടിയിലെ വിദ്യാര്‍ഥികള്‍ക്കും സംയുക്തമായി പ്രോജക്ടുകളും സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കാനാകും. നേവല്‍ അക്കാദമി ഏറ്റെടുക്കുന്ന നൂതന പ്രോജക്ടുകളില്‍ സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ക്കും സഹകരിക്കാനാകും. ആധുനിക സാങ്കേതിക വിദ്യയും നൂതന യന്ത്രങ്ങളും പരിചയപ്പെടാനാകുമെന്നതുമാണ് സി.യു.ഐ.ടി. വിദ്യാര്‍ഥികളുടെ നേട്ടം. ഐ.ഇ.ടിയിലെ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്ററാണ് അക്കാദമിക സഹകരണത്തിന് മുന്‍കൈയെടുത്തത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ സാന്നിധ്യത്തില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷും നേവല്‍ അക്കാദമിയിലെ ബേസിക് സയന്‍സ് ആന്‍ഡ് ഹ്യൂമാനിറ്റീസ് ഫാക്കല്‍റ്റി വിഭാഗം മേധാവി കമ്മഡോര്‍ ബെന്‍ എച്ച്. ബേര്‍സണുമാണ് ധാരണാപത്രത്തില്‍ ഒപ്പു വെച്ചത്. പ്രിന്‍സിപ്പല്‍ ഡോ. സി. രഞ്ജിത്ത്, പ്രിന്റിങ് ടെക്നോളജി വകുപ്പ് മേധാവി ദീപു പുന്നശ്ശേരി, അസി. രജിസ്ട്രാര്‍ പി.ഒ. റഫീദ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!