Tuesday, July 29

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി ; തള്ളി കേന്ദ്രം, നിലപാടിലുറച്ച് കാന്തപുരം

കോഴിക്കോട് : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്നതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്. എന്നാല്‍ വധശിക്ഷ റദ്ദാക്കിയെന്നത് തള്ളി വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് ചില വ്യക്തികള്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ തെറ്റിദ്ധാരണജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. വാര്‍ത്ത ഏജന്‍സിയാണ് എക്‌സിലെ പോസ്റ്റ് ഒഴിവാക്കിയതെന്നും കാന്തപുരത്തിന്റെ ഓഫീസ് വിശദീകരിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാര്‍ത്തയാണ് കാന്തപുരം എക്‌സില്‍ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാര്‍ത്ത ഏജന്‍സിയുടെ വാര്‍ത്ത ആണ് ഷെയര്‍ ചെയ്തിരുന്നത്. ഈ വാര്‍ത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്റെ ഇടപെടലിനെ ചൊല്ലി അവകാശവാദങ്ങളും തര്‍ക്കങ്ങളും നടന്നിരുന്നു.

ഇന്നലെയാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത കാന്തപുരത്തിന്റെ ഓഫിസ് പുറത്തുവിട്ടത്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ തലാലിന്റെ കുടുംബവും പ്രതികരിച്ചിരുന്നു. ഈ മാസം 16നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെ തുടര്‍ന്ന മതപണ്ഡിതന്മാര്‍ ഉള്‍പ്പെട്ട ചര്‍ച്ചയിലാണ് വധശിക്ഷ താല്‍കാലികമായി നീട്ടിവച്ചത്.

അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്നും ഇക്കാര്യത്തില്‍ യെമനില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യനായ ജവാദ് മുസ്തഫാവി വ്യക്തമാക്കി. കഴിഞ്ഞ 14നാണ് വധശിക്ഷ മരവിപ്പിച്ചതായുള്ള വിവരം ലഭിക്കുന്നത്. അതിനുശേഷം വധശിക്ഷ റദ്ദാക്കുന്നതിലടക്കം നിരന്തരം ചര്‍ച്ചകള്‍ യെമനില്‍ നടന്നിരുന്നു.അതിന്റെ ഭാഗമായാണ് വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതെന്നും ജവാദ് മുസ്തഫാനി പറഞ്ഞു.

error: Content is protected !!