Wednesday, July 16

നിമിഷപ്രിയയുടെ മോചനം : കാന്തപുരവുമായി കൂടികാഴ്ച നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കാരന്തൂര്‍ മര്‍ക്കസിലെത്തിയാണ് ഗോവിന്ദന്‍ അബൂബക്കര്‍ മുസലിയാരെ കണ്ടത്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കിടെ അദ്ദേഹം മഹത്തായ മാനവികത ഉയര്‍ത്തിപ്പിടിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഗോവിന്ദന്‍ പറഞ്ഞു. നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നിമിഷപ്രിയയുടെ കാര്യത്തില്‍ നടന്നത് മനുഷ്യത്വപരമായ ഇടപെടലാണെന്ന് പറഞ്ഞ ഗോവിന്ദന്‍, അതിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്ലിയാരായി മാറിയിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ലോകത്ത് പല മേഖലകളിലായി ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്ന ഘട്ടത്തില്‍ അതില്‍ ഇടപെട്ട കാന്തപുരം എ പി അബൂബക്കര്‍ ഇപ്പോള്‍ നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസലിയാരായി മാറി. പ്രശ്നത്തിലിടപെട്ട അദ്ദേഹത്തിന് വലിയ തോതിലുള്ള അഭിനന്ദനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കാനും മതനിരപേക്ഷ മൂല്യമാണ് കേരളത്തിന്റെ ഏറ്റവും പ്രധാന സന്ദേശമെന്ന് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും അബൂബക്കര്‍ മുസലിയാര്‍ക്കായിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കാന്തപുരത്തിന് അടുപ്പമുള്ള മതപണ്ഡിതരുമായി വിഷയം ചര്‍ച്ച ചെയ്യുകയും, അവര്‍ ഭരണാധികാരികളുമായി ചര്‍ച്ച ചെയ്ത് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇനിയും തുടര്‍ച്ചയായ ചര്‍ച്ചയും ആവശ്യമായ തീരുമാനം എടുക്കുന്നതിനും വേണ്ടി തുടര്‍ന്നും ഇടപെട്ടു കൊണ്ടിരിക്കുകയാണെന്ന് കാന്തപുരം അറിയിച്ചു. ചര്‍ച്ച ഇപ്പോഴും തുടരുന്നുണ്ട്. നിമിഷപ്രിയയുടെ മോചനം ഇസ്ലാമിക നിയമം അടിസ്ഥാനപ്പെടുത്തി, പ്രായച്ഛിത്തം ചെയ്യുന്നവരെ മോചിപ്പിക്കാനാകുമെന്ന മുസ്ലിങ്ങളുടെ കാഴ്ചപ്പാടാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കൂടിക്കാഴ്ചയില്‍ അറിയിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

error: Content is protected !!