നിരത്തിലിറക്കാന്‍ ഫിറ്റ്‌നസില്ല; കുട്ടികളെ കുത്തിനിറച്ച ഓട്ടോ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

കുട്ടികളെ കൃത്യസമയത്ത് കളിസ്ഥലത്ത് എത്തിച്ച് ഉദ്യോഗസ്ഥര്‍

ഫിറ്റ്‌നസും ഇന്‍ഷുറന്‍സും ഇല്ലാതെ കുട്ടികളെ കുത്തിനിറച്ച് അമിതവേഗതയില്‍ ഓടിച്ചു പോയ ഓട്ടോ നിലമ്പൂര്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്ന് രാവിലെ (ജൂലൈ 27) നിലമ്പൂര്‍ കനോലി പ്ലോട്ടില്‍ പരിശോധനയ്ക്കിടെ  അമിതവേഗതയില്‍ കുട്ടികളെയും കുത്തിനിറച്ച് ഓടിച്ചുവന്ന ഓട്ടോറിക്ഷ പരിശോധനയ്ക്കായി  നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിറകെ പോയി ഉദ്യോഗസ്ഥര്‍ പരിശോധിച്ചതില്‍ വാഹനത്തില്‍ ഡ്രൈവറെ കൂടാതെ ഫുട്ബാള്‍ മത്സരത്തിനു പോകുന്ന ഒന്‍പത് വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. രേഖകള്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന് ഫിറ്റ്‌നസും ഇന്‍ഷുറന്‍സും തുടങ്ങിയ രേഖകള്‍ ഇല്ലായിരുന്നു.

4,000 രൂപ പിഴ ചുമത്തിയതിനു പുറമേ സുരക്ഷിതമല്ലാത്ത വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. രാവിലെ 11ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് മറ്റു വാഹനം കിട്ടാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍ കൃത്യസമയത്ത് ഫുട്‌ബോള്‍ മത്സര വേദിയില്‍ എത്തിച്ച് വിദ്യാര്‍ഥികളുടെ പ്രശംസ പിടിച്ചുപറ്റി.

നിലമ്പൂര്‍ ജോയിന്റ് ആര്‍.ടി.ഒ കെ.ബി രഘുവിന്റെ നിര്‍ദേശപ്രകാരം എം.വി.ഐ മനുരാജ് എ.എം.വി ഐമാരായ രവിവര്‍മ്മ, ഈസ്റ്റര്‍ യാഷിക,      കെ. അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിലമ്പൂര്‍, കരുവാരകുണ്ട്, ചെറുകോട്, വണ്ടൂര്‍ തുടങ്ങി വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഫെയര്‍ മീറ്റര്‍ ഇല്ലാതെ സര്‍വീസ് നടത്തിയ ഏഴ് ഓട്ടോറിക്ഷകള്‍ക്കെതിരെയും സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത നാല് ടിപ്പറുകള്‍ക്കെതിരെയും എയര്‍ ഹോണ്‍ ഉപയോഗിച്ച നാല് വാഹനങ്ങള്‍ക്കെതിരെയും ഇന്‍ഷൂറന്‍സില്ലാത്ത ഏഴ് വാഹനങ്ങള്‍ തുടങ്ങി 55 വാഹനങ്ങള്‍ക്കെതിരെയുള്ള നടപടിയില്‍ 68000 രൂപ പിഴ ചുമത്തി. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്ന് നിലമ്പൂര്‍ ജോയിന്റ് ആര്‍ടിഒ കെ.ബി രഘു പറഞ്ഞു.

error: Content is protected !!