ഏറെ ശാസ്ത്രീയ ഗവേഷണങ്ങൾ പുറത്തുവരുന്ന പുതിയകാലത്ത് സമകാലീന സ്കൂൾ കോളേജ് പാഠപുസ്തകങ്ങളിൽ ശാസ്ത്രീയ ചരിത്രത്തിനു പകരം കഥകളും ഭാവനകളും ചരിത്രമായി എഴുതി ചേർത്തിരിക്കുന്നതായി അലിഗഡ് സർവകലാശാല പ്രൊഫ. സയിദ് അലി നദീം റസാവി പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിലെ ഇ.എം.എസ്. ചെയർ സംഘ ടിപ്പിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യാ ചരിത്ര രചന എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രതിസന്ധിയെ വിദ്യാർത്ഥികളും ഗവേഷകരും നേരിടേണ്ടതുണ്ടെന്ന് സെമിനാറിൽ അഭിപ്രായമുയർന്നു.
തെളിവുകളാണ് ചരിത്ര രചനയുടെ അടിസ്ഥാനം. തെളിവുകളെ ശാസ്ത്രീയ രീതിയിൽ ഉപയോഗിച്ച് എഴുതുന്ന ചരിത്രത്തിനേ തുല്യതയുള്ള സമൂഹത്തിനെ സൃഷ്ടിക്കുവാൻ സാധിക്കൂ. ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളുടെ ചരിത്രവും സംസ്കാരവും വർഗീയ ശക്തികൾ ദുർവ്യാഖ്യാനം ചെയ്യുന്നതായി ഡോ. ബാംഗ്യ ബുഖ്യ പറഞ്ഞു. ആദിവാസികളുടെ സംസ്കാരത്തെ ഹിന്ദുത്വവാദികൾ സ്വാംശീകരിക്കുന്നത് ഏറെ അപകടം ചെയ്യുന്ന പ്രവണതയാണെന്നും അത് ഈ സമൂഹത്തിൻ്റെ പിന്നാക്കാവസ്ഥയെ ശാശ്വതവത്ക്കരിക്കുന്നതിലേക്കു നയിക്കുമെന്നും ഡോ. ബുഖ്യ പറഞ്ഞു.
സമാപന സമ്മേളനത്തിൽ ഡോ. പി.ജെ വിൻസൻ്റ്, ഡോ. ആർ. വിനീത്, ഡോ. പി. ശിവദാസൻ, ഡോ. അബ്ദുൾ ഗഫൂർ, ചെയർ കോ – ഓർഡിനേറ്റർ പി. അശോകൻ, എസ്. സദാനന്ദൻ, പി. നിഷ, ഡോ. കെ. വി. മോഹനൻ എന്നിവർ സംസാരിച്ചു