
തിരൂരങ്ങാടി: ഏറെ നേരം ശ്രമിച്ചിട്ടും കാര്യമായി ഒന്നും കിട്ടാതിരുന്ന മോഷ്ടാവ് പായയെടുത്ത് വിശ്രമിച്ച് മടങ്ങി. തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂളില്‍ മോഷണം നടത്തിയ ആളാണ് ഓഫിസില്‍ നിന്നെടുത്ത പായയില്‍ കിടന്നുറങ്ങിയ ശേഷം മടങ്ങിയത്. ഞായറാഴ്ച രാത്രിയാണ് മോഷ്ടാവ് വന്നത്. പ്രിന്‍സിപ്പലിന്റെയും ഹെഡ്മാസ്റ്ററുടെയും മുറികളുടെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ ഓഫീസ് റൂമിന്റെ പൂട്ട് പൊളിച്ചു അകത്തു കയറി. മേഷയും അലമാരയും മുഴുവന്‍ തപ്പിയെങ്കിലും കാര്യമായി ഒന്നും കിട്ടിയില്ല.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FHe4puzUz5l4aryANMURgz
ഓഫീസ് മുറിയിലെ മേശക്കുള്ളില്‍ ഓഫീസ് സ്റ്റാഫ് മറന്നു വച്ച പേഴ്‌സില്‍ നിന്നുള്ള 2000 രൂപ മാത്രമാണ് ലഭിച്ചത്, ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ കൂട്ടങ്ങളില്‍ നിന്ന് താക്കോലെടുത്ത് ലൈബ്രറി, സറ്റാഫ് മുറി, മാനേജറുടെ മുറി എന്നിവ തുറന്നു പരിശോധിച്ചെങ്കിലും ഇവിടെ നിന്നും ഒന്നും കിട്ടിയില്ല. ഓഫിസ് റൂം വഴി പ്രിന്‍സിപ്പലുടെ മുറിയില്‍ കയറി ഇവിടെയുണ്ടായിരുന്ന പായയും ഓഫീസ് മുറിയിലെ ടര്‍ക്കിയും എടുത്ത് ഹയര്‍ സെക്കന്‍ഡറി ബ്ലോക്കില്‍ എത്തി ഇവിടെ പായ വിരിച്ച് ടര്‍ക്കി തലയണയാക്കി കിടന്നുറങ്ങിയ ശേഷം എണീറ്റ് പോകുകയായിരുന്നു. മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ്, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് വിദഗ്ധര്‍ പരിശോധനക്കെത്തിയിരുന്നു.