പൊന്നാനി : ടൂറിസം, ഗതാഗത രംഗങ്ങളില്‍ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി ഹാര്‍ബര്‍ പാലം (കര്‍മ പാലം) ഏപ്രില്‍ 25ന് വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
നിളയോര പാതയെയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ 330 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. പാലം തുറക്കുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുന്നതിനൊപ്പം നിളയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാനും സാധ്യമാകും.
12 മീറ്ററോളം വീതിയുള്ള പാലത്തില്‍ രണ്ട് മീറ്റര്‍ വീതിയിലുള്ള കൈവരിയോടുകൂടിയ നടപ്പാതയുമുണ്ട്. ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും സമീപ റോഡുണ്ട്. ഇതിനോടനുബന്ധിച്ച് 520 മീറ്റര്‍ ഹാര്‍ബര്‍ റോഡും നവീകരികരിച്ചിട്ടുണ്ട്. 36.28 കോടി ചെലവഴിച്ചാണ് പാലവും സമീപന റോഡും നിര്‍മിച്ചത്.
ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങങ്ങള്‍ പ്രകാരമാണ് നിര്‍മാണം. പാലത്തിന്റെ മധ്യഭാഗത്ത് തൂണുകള്‍ക്ക് 45 മീറ്റര്‍ വീതിയും ആറുമീറ്റര്‍ ഉയരവുമുണ്ട്. കനോലി കനാലിലൂടെയുള്ള ബോട്ട് സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനാണിത്. ഭാവിയില്‍ കനാലില്‍ വരാനിടയുള്ള ജലഗതാഗത സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് പാലം നിര്‍മിച്ചിരിക്കുന്നത്.