എആർ നഗർ കുന്നുംപുറത്തെ ജ്വല്ലറിയിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു
പെരിന്തൽമണ്ണ : സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം നടത്തിയ പ്രതിയെ പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തിരൂർ വെട്ടം പറവണ്ണ സ്വദേശി യാറൂക്കാന്റെ പുരക്കൽ ആഷിക്ക് (43) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ 19ന് ആണ് കേസിനാസ്‌പദമായ സംഭവം.
അങ്ങാടിപ്പുറത്തെ ജ്വല്ലറിയിൽ സെയിൽസ്‌മാൻ സാധനങ്ങൾ എടുത്തുകാണിക്കുന്നതിനിടെ 4 ഗ്രാം തൂക്കം വരുന്ന വള കൈക്കലാക്കി കടന്നുകളയുകയായിരുന്നു. സ്വർണം നോക്കുന്നതിനിടെ ഫോൺ വന്നതായി നടിച്ച് വളയുമായി മുങ്ങുകയായിരുന്നു. ഇയാൾ തിരിച്ചുവരാത്തതിനെ തുടർന്ന് സ്‌റ്റോക്ക് പരിശോധിച്ചപ്പോഴാണ് ഒരു വളയുടെ കുറവ് കണ്ടത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷണം നടന്നെന്ന് ഉറപ്പുവരുത്തിയശേഷം പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സമാനമായ രീതിയിൽ കുറ്റകൃത്യത്തിൽ മുൻപും ഏർപ്പെട്ടിട്ടുള്ള പ്രതിയെ തിരിച്ചറിഞ്ഞത്.
ഈ കഴിഞ്ഞ ജനുവരിയിൽ എ ആർ നഗർ കുന്നുംപുറത്തെ ജ്വല്ലറിയിലും സമാന രീതിയിലുള്ള മോഷണം നടത്തിയിരുന്നു. വള വാങ്ങാനെന്ന വ്യാജേന യാണ് എത്തിയത്. വള തന്ത്രപൂർവം കൈക്കലാക്കി മുങ്ങുകയായിരുന്നു. ഈ കേസിൽ പിടിയിലായി ജാമ്യത്തിൽ ഇറങ്ങിയതാണ്. അതിന് ശേഷമാണ് പെരിന്തൽമണ്ണ യിലെ തട്ടിപ്പ്. ഇയാൾക്കെതിരെ വേറെ സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതിന് കേസുണ്ട്.
പറവണ്ണയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. പെരിന്തൽമണ്ണ കോടതി പ്രതിയെ റിമാൻഡ് ചെയ്‌തു. സിഐ പ്രേംജിത്ത്, എസ്ഐ ഷിജോ തങ്കച്ചൻ, എസ്‌സിപിഒ ജയമണി, സിപിഒമാരായ വിപിൻ, സത്താർ, ഉല്ലാസ്, ജയൻ അങ്ങാടിപ്പുറം എന്നിവരാണ് പ്രതിയെ പിടികൂടിയത്.