ദില്ലി ; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. രാം നാഥ് കോവിന്ദ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബില്‍ കൊണ്ടുവരാനാണ് തീരുമാനം.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. ഇതുമായി ബന്ധപ്പെട്ട് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഈ വര്‍ഷം മാര്‍ച്ച് 15 ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് കേന്ദ്രത്തിന്റെ വാദം. പലപ്പോഴായി തിരഞ്ഞെടുപ്പു നടത്തുമ്പോള്‍, ഓരോ ഘട്ടത്തിലും മാതൃകാ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതു വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പൊതു വോട്ടര്‍ പട്ടികയും വോട്ടര്‍ ഐഡി കാര്‍ഡുകളും തയ്യാറാക്കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളില്‍ തദ്ദേശ തിരഞ്ഞെടുപ്പും നടത്താനാണു നിര്‍ദേശം. 2029 മുതല്‍ ഒറ്റത്തിരഞ്ഞെടുപ്പ് നടത്തണമെന്നു റിപ്പോര്‍ട്ടിലെവിടെയും പറഞ്ഞിട്ടില്ല. അതേസമയം, 2029 ല്‍ ഇതു നടപ്പാക്കുകയാണെങ്കില്‍ 2026 ല്‍ അധികാരത്തിലെത്തുന്ന കേരള സര്‍ക്കാരിന്റെ കാലാവധി 3 വര്‍ഷമായി ചുരുങ്ങും.
18 ഭരണഘടനാ ഭേദഗതികളും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അവയില്‍ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലെന്നതാണ് പ്രധാനം. എന്നാല്‍, പാര്‍ലമെന്റ് പാസാക്കേണ്ട ചില ഭരണഘടനാ ഭേദഗതി ബില്ലുകള്‍ ഇത് നടപ്പാക്കാന്‍ ആവശ്യമാണ്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ത്രിശങ്കുസഭ വരികയോ അവിശ്വാസ പ്രമേയത്തിലൂടെ സര്‍ക്കാര്‍ പുറത്താകുകയോ ചെയ്താല്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനാണു ശുപാര്‍ശ. എന്നാല്‍, തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് അടുത്ത പൊതുതിരഞ്ഞെടുപ്പു വരെ മാത്രമാകും കാലാവധി.