ഓപ്പറേഷന്‍ സിന്ദൂര്‍ ; കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് സുപ്രീം കമാന്‍ഡറുമായ കൊടും കുറ്റവാളി അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു

ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദൗത്യത്തില്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് സുപ്രീം കമാന്‍ഡറുമായ കൊടും കുറ്റവാളി അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു. ബഹവല്‍പൂരിലെ ജെയ്ഷെ മുഹമ്മദിന്റെ ലോഞ്ച് പാഡുകളും ആസ്ഥാനവും ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആണ് വധിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അബ്ദുള്‍ റൗഫ് അസര്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരിക്കുന്നത്. 2007 ഏപ്രില്‍ മുതല്‍ ഭീകര സംഘടനയായ ജയ്‌ഷേ മുഹമ്മദിന്റെ സുപ്രീം കമാന്‍ഡറായി പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ റൗഫ് അസറിനെ 2010 ഡിസംബറില്‍ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ എന്നിവയിലെ സുപ്രീം കമാന്‍ഡറും ജെയ്ഷെ മുഹമ്മദ് (ജെഎം) തലവന്‍ മസൂദ് അസ്ഹറിന്റെ ഇളയ സഹോദരനുമാണ് റൗഫ്. മസൂദ് അസറിന്റെ കുടുംബത്തിലെ പത്തു പേരും അടുപ്പമുള്ള നാലു പേരും കൊല്ലപ്പെട്ടതായുള്ള വിവരം ഇന്നലെ പുറത്തുവന്നിരുന്നു. ഈ കൊല്ലപ്പെട്ടവരില്‍ അബ്ദുള്‍ റൗഫ് അസറുമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈന്യം പിടികൂടിയ മസൂദ് അസ്ഹറിനെ മോചിപ്പിക്കുന്നതിനായാണ് സഹോദരനായ അബ്ദുല്‍ റൗഫ് ഇന്ത്യന്‍ വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ട് പോയത്.

അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്ത് താലിബാനുമായി കൂടിക്കാഴ്ച നടത്തി ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ പുനഃസംഘടനയ്ക്ക് നേതൃത്വം നല്‍കിയത് അസ്ഹറായിരുന്നു. പാക് അധിനിവേശ കശ്മീരിലും പാകിസ്താനിലും , ഇന്ത്യന്‍ വ്യോമസേനയുടെ വ്യോമാക്രമണങ്ങള്‍ നടന്ന ബാലകോട്ട്, മന്‍ഷേര, മുസാഫറാബാദ് എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ഭീകര ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിന്റെ ചുമതല റൗഫ് അസ്‌റിനായിരുന്നു. ജെയ്ഷെ മുഹമ്മദിന്റെ കേഡര്‍മാരെ പ്രചോദിപ്പിക്കുകയും, പാകിസ്താന്‍ സര്‍ക്കാരുമായും ഐഎസ്ഐയുമായും ബന്ധപ്പെടുകയും, ഓഡിയോ, വീഡിയോ ക്ലിപ്പുകളുടെ രൂപത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കുകയും, ഫണ്ട് ക്രമീകരിക്കുകയും, മറ്റ് ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു കൊല്ലപ്പെട്ട അബ്ദുള്‍ റൗഫ് അസര്‍.

ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ ആസൂത്രകനായിരുന്നു അബ്ദുള്‍ റൗഫ് അസര്‍. വര്‍ഷങ്ങളായി ബഹാവല്‍പൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്ത് നിന്നുകൊണ്ടായിരുന്നു ഇയാള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കികൊണ്ടിരുന്നത്.1999 ഡിസംബറില്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ ഐസി-814 എന്ന വിമാനം റാഞ്ചിക്കൊണ്ടുപോയി സഹോദരനായ മൗലാന മസൂദ് അസറിനെയടക്കം മോചിപ്പിച്ചതിന് നേതൃത്വം നല്‍കിയിട്ടുള്ളയാളാണ് കൊല്ലപ്പെട്ട കൊടും ഭീകരന്‍ അബ്ദുള്‍ റൗഫ് അസര്‍. നേപ്പാള്‍ കഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ടുപോകുകയും യാത്രക്കാരെ സുരക്ഷിതമായി എത്തിക്കണമെങ്കില്‍ തടവിലായ മൂന്ന് കൊടുംഭീകരരെ വിട്ടയക്കണം എന്നായിരുന്നു ആവശ്യം. അന്ന് 24 വയസ്സ് മാത്രമായിരുന്നു കൊല്ലപ്പെട്ട അബ്ദുള്‍ റൗഫ് അസറിന്റെ പ്രായം . പിന്നീട് ഇന്ത്യയില്‍ നടന്ന പാര്‍ലമെന്റ് ആക്രമണം മുതല്‍ പുല്‍വാമ ബോംബാക്രമണത്തിന് വരെ ഇയാള്‍ ചുക്കാന്‍ പിടിച്ചിരുന്നു.

2007 ഏപ്രില്‍ 21 ന് ജെയ്‌ഷെ മുഹമ്മദിന്റെ കമാന്‍ഡറായിട്ടാണ് അബ്ദുള്‍ റൗഫ് അസര്‍ ചുമതലയേറ്റത്. ഇന്ത്യയ്ക്കെതിരായ പ്രവര്‍ത്തനങ്ങളുടെ മുഖ്യകണ്ണികളില്‍ ഒരാള്‍. ജെയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷന്‍ മേധാവി. ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരില്‍ ഒരാളായ റൗഫ് അസര്‍ , ഇന്ത്യയിലെ എല്ലാ പ്രധാന ജെയ്ഷെ ആക്രമണങ്ങളും ആസൂത്രണം ചെയ്തു – 2001-ല്‍ ജമ്മു കശ്മീര്‍ നിയമസഭയ്ക്കും പാര്‍ലമെന്റിനും നേരെയുണ്ടായ ‘ഫിദായീന്‍’ ആക്രമണം, 2016-ല്‍ പത്താന്‍കോട്ട് ഐഎഎഫ് ബേസ് ആക്രമണം, നഗ്രോട്ട, കതുവ ക്യാമ്പുകള്‍ക്ക് നേരെയുള്ള ആക്രമണം, 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ അപഹരിച്ച പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെയുള്ളവ റൗഫ് അസറിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമായിരുന്നു.

ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെയും എന്‍ഐഎയുടെയും അഭിപ്രായത്തില്‍, മസൂദ് അസ്‌റിന്റെ അഭാവത്തില്‍ ജെയ്ഷെ മുഹമ്മദിന് വേണ്ടി എല്ലാ തീരുമാനങ്ങളും എടുക്കുന്നത് റൗഫ് അസ്‌റാണ്, അന്നത്തെ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരായ വധശ്രമങ്ങളെത്തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങള്‍ ഒളിവില്‍ കഴിയുകയായിരുന്ന മസൂദ് അസറിന്റെ അഭാവത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ സുപ്രീം കമാന്‍ഡറായി അബ്ദുള്‍ റൗഫ് അസര്‍ ചുമതലയേല്‍ക്കുകയായിരുന്നു.

error: Content is protected !!