സ്ത്രീയെ വളർത്തു നായ്ക്കൾ കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഉടമയ്ക്ക് ജാമ്യം, സ്ത്രീയെ രക്ഷിച്ച നാട്ടുകാർക്കെതിരെ കേസ്

കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ ഫൗസിയ എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നായ്ക്കളുടെ ഉടമയ്ക്ക് പോലീസ് ജാമ്യം അനുവദിച്ചു. സംഭവത്തിൽ ഇന്നലെ തന്നെ നായകളുടെ ഉടമയായ റോഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. തന്നെ മർദിച്ചുവെന്ന റോഷന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഇരുപത് പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

നായ്ക്കളുടെ ആക്രമണത്തിൽ കൈക്കും മുഖത്തും പരിക്കേറ്റ ഫൗസിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

അമ്പായത്തോട് മദ്രസയിൽ പഠിക്കുന്ന 7 വയസ്സുകാരനായ ഏക മകൻ റിസ്‍വാനെ കൂട്ടികൊണ്ടു പോകാനായാണ് ഫൗസിയ ഞായറാഴ്ച രാവിലെ എട്ടേമുക്കാലോടെ മദ്രസയ്ക്കു മുന്നിൽ നിന്നത്. താമരശേരി അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റിലെ റോഷൻ അഴിച്ചുവിട്ട നായകളാണ് ഫൗസിയയെ ആക്രമിച്ചത്. 

നായ കുരച്ചു ചാടുമ്പോൾ ഫൗസിയ കയ്യിലുള്ള കുട കൊണ്ട് ആദ്യം തട്ടിമാറ്റാൻ ശ്രമിച്ചിരുന്നു. തുടർന്ന് അൽപം മാറിനിന്നെങ്കിലും ഫൗസിയയുടെ നേർക്കു ചാടി കീഴ്പ്പെടുത്തി. ഉടനെ രണ്ടാമത്തെ നായയും അക്രമിച്ചു. ഇടതു മുട്ടിനു താഴെയായി പല ഭാഗത്തായി കടിച്ചു കീറി. വലതുചെവിക്കും മാരകമായ കടിയേറ്റു. വീഴ്ചയിൽ കാലിനും നടുവിനുമെല്ലാം പരുക്കേറ്റതിനാൽ ഇവർക്കു സ്വന്തമായി തിരിഞ്ഞു കിടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.

ഇവർക്ക് ഉടമയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം വാങ്ങി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടുണ്ട്.

യുവതിക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നായ്ക്കളെ അലക്ഷ്യമായി അഴിച്ചു വിട്ട ഉടമസ്ഥനെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷവാങ്ങി നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടത്. കോഴിക്കോട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

റോഷന്റെ വളർത്തുനായ്ക്കൾ ആളുകളെ സ്ഥിരമായി ആക്രമിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

error: Content is protected !!