അംഗ പരിമിതി ലക്ഷ്യങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അപൂർവ്വ വ്യക്തിത്വമാണ് പത്മശ്രീ റാബിയ: മന്ത്രി അഡ്വ.കെ രാജൻ

പത്മശ്രീ തിളക്കത്തിലും നാടിന്റെ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ മറക്കാതെ റാബിയ

അംഗപരിമിതിയെ മറികടന്ന് സാക്ഷരത പ്രവർത്തനത്തിലും സാമൂഹിക സേവന രംഗത്തും നിറഞ്ഞു നിന്നതിന്റെ അംഗീകാരമായി പത്മശ്രീ ലഭിച്ച കെ.വി റാബിയയെ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പൊന്നാട അണയിച്ച് ആദരിച്ചു. റിപ്പബ്ലിക് ദിനത്തിൽ തിരൂരങ്ങാടി  വെള്ളിലക്കാടിലെ വീട്ടില്‍  ബുധനാഴ്ച്ച  രാവിലെ 11.15 ഓടെ  മന്ത്രി എത്തി സംസ്ഥാന സർക്കാറിന് വേണ്ടി  റാബിയയെ ആദരിക്കുകയായിരുന്നു. ‘സ്വപ്‌നങ്ങള്‍ക്കും ചിറകുകളുണ്ട് , എന്ന  റാബിയയുടെ  പുസ്തകം  അവർ മന്ത്രിയ്ക്ക് സമ്മാനിച്ചു.
സാക്ഷരതാ പ്രസ്ഥാനത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും അംഗപരിമിതി പ്രശ്‌നമല്ലന്ന് തെളിയിച്ച വ്യക്തിത്വമാണ് റാബിയയെന്ന് മന്ത്രി പറഞ്ഞു. കെ.വി റാബിയയുടെ പത്മശ്രീ പുരസ്കാര ലബ്ധി രാജ്യത്തിനാകെ അഭിമാനമാണ്. കെ.വി റാബിയയ്ക്ക് സർക്കാറിന് വേണ്ടി പുരസ്കാരം സമർപ്പിക്കാനായതിൽ ഏറെ സന്തോഷമുണ്ട്. ഇത്രയേറെ അംഗീകാരങ്ങൾ ഏറ്റുവാങ്ങിയ ഒരു വനിത കേരളത്തിൽ തന്നെ അപൂർവ്വമാണ്. കടലുണ്ടിപുഴ കര കവിയുന്ന ഘട്ടത്തിലും മണ്ണിടിച്ചിലുണ്ടാകുന്ന സാഹചര്യത്തിലും തിരൂരങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന കെ.വി റാബിയയുടെ അഭ്യർത്ഥന കണക്കിലെടുത്ത് പ്രശ്ന പരിഹാരത്തിനായി ഒരു മാസത്തിനകം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. റിപ്പോർട്ട് ലഭിച്ചാലുടൻ എത്രയും വേഗം പ്രശ്ന പരിഹാരത്തിനായി നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി വ്യക്തമാക്കി. മണ്ണിടിച്ചിൽ ഭീഷണിയുള്ള പുഴയോര പ്രദേശങ്ങൾ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും ചെയ്തു.  ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ പി.ഒ സാദിഖ്, തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ , ഡെപ്യൂട്ടി തഹസില്‍ദാര്‍ സുധീഷ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് മാസ്റ്റര്‍, നിയാസ് പുളിക്കലകത്ത് , നഗരസഭാ കൗൺസിലർ അരിമ്പ്ര മുഹമ്മദലി, കെ മൊയ്തീൻ കോയ , എം.പി സ്വാലിഹ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!