Monday, September 1

പന്തീരാങ്കാവ് കവര്‍ച്ച ; ജീവനക്കാരില്‍ നിന്നും തട്ടിയെടുത്ത 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും തട്ടിയെടുത്ത 39ലക്ഷം രൂപ കേസിലെ മുഖ്യപ്രതി ഷിബിന്‍ ലാലിന്റെ വീട്ടു പറമ്പില്‍ നിന്നു അരകിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ നിന്നും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയിലാണ് പണം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പ്രതിയേയും കൂട്ടി പൊലീസ് സ്ഥലത്ത് എത്തി കിളച്ചപ്പോഴാണ് 39 ലക്ഷം രൂപ അടങ്ങിയ പ്ലാസ്റ്റിക് കവര്‍ കണ്ടെടുത്തത്.

ജൂണ്‍ 11ന് ആണ് പന്തീരാങ്കാവ് ഇസാഫ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് ഷിബിന്‍ലാല്‍ പണം കവര്‍ന്നത്. പന്തീരാങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണ്ണം ടേക്ക് ഓവര്‍ ചെയ്യാന്‍ എത്തിയ ഇസാഫ് ബാങ്ക് ജീവനക്കാരനില്‍ നിന്നു ഷിബിന്‍ ലാല്‍ പണം തട്ടിയെടുത്ത് സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിന്നീട് പാലക്കാട് വച്ച് പിടികൂടി.

ജീവനക്കാരന്റെ കൈയില്‍ നിന്നു തട്ടിപ്പറിച്ച ബാഗില്‍ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പണം എടുത്ത ശേഷം ബാഗ് പന്തീരങ്കാവ് ഭാഗത്ത് വലിച്ചെറിഞ്ഞുവെന്നാണ് പ്രതി മൊഴിനല്‍കിയത്. എന്നാല്‍ 40 ലക്ഷം രൂപ അടങ്ങിയ ബാഗാണ് ഷിബിന്‍ലാല്‍ തട്ടിപ്പറിച്ചതെന്ന മൊഴിയില്‍ ജീവനക്കാരന്‍ ഉറച്ചു നിന്നു. തുടര്‍ന്ന് ഷിബിന്‍ലാലിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതപ്പോഴാണ് പണം കുഴിച്ചിട്ടുള്ളതായി സമ്മതിച്ചത്.

error: Content is protected !!