
കൊച്ചി: പെട്രോള്‍ പമ്പിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശൗചാലയം ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന് കോടതി ഉത്തരവിട്ടു. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പമ്പുകളിലെ ശുചിമുറികള്‍ പൊതുശൗചാലയമാക്കി മാറ്റാന്‍ നടത്തിയ ശ്രമങ്ങളെ ചോദ്യം ചെയ്ത് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും മറ്റ് അഞ്ച് പെട്രോളിയം റീട്ടെയിലര്‍മാരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തേ, സ്വഛ് ഭാരത് മിഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഹാജരാക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികളോട് കോടതി നിര്‍ദേശിച്ചിരുന്നു.
പമ്പുകളോട് അനുബന്ധിച്ചുള്ളത് സ്വകാര്യ ടോയ്ലറ്റുകളാണെന്നും ഇത് പൊതുശുചിമുറികളായി മാറ്റുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. കോടതി ഉത്തരവ് ദീര്‍ഘകാല യാത്രികരടക്കമുള്ളവരെ ബാധിക്കും.
സ്വകാര്യ പെട്രോള്‍ പമ്പുകളുടെ ശുചിമുറി പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. ഹര്‍ജിക്കാരുടെ പെട്രോള്‍ പമ്പുകളുടെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനും നിര്‍ബന്ധിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സ്വച്ഛ് ഭാരത് മിഷന്റെ കീഴിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഹാജരാക്കാന്‍ തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനോട് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി തങ്ങളുടെ സ്ഥാപനങ്ങളില്‍ പരിപാലിക്കുന്ന സ്വകാര്യ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ശൗചാലയങ്ങള്‍ പൊതു ശുചിമുറികളാണ് എന്ന ധാരണ നല്‍കുന്നതിന് തിരുവനന്തപുരം നഗരസഭയും മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളും ചില പമ്പുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇത്തരം തെറ്റിദ്ധാരണകള്‍ കാരണം ധാരാളം ആളുകള്‍ ടോയ്‌ലറ്റ് സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് പമ്പുകളിലേക്ക് വരുന്നു, ഇത് പെട്രോള്‍ പമ്പുകളുടെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു. ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലയായ പെട്രോള്‍ പമ്പ് പരിസരത്ത് ഇത് പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമായിട്ടുണ്ട്. യാത്രക്കാര്‍ക്ക് ടോയ്‌ലറ്റ് സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലപ്പോഴും ധാരാളം ടൂറിസ്റ്റ് ബസ്സുകളടക്കം പെട്രോള്‍ പമ്പുകളില്‍ എത്തുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.