സൈക്യാട്രി ഇൻസ്‌റ്റിറ്റ്യൂട്ടിൽ സ്കോളർഷിപ്പോടെ പിജി

മാനസിക ചികിത്സാ രംഗത്തു കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന പ്രശസ്‌ത സ്‌ഥാപനമാണ് ജാർഖണ്ഡിലെ റാഞ്ചിയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി (സിഐപി). വെബ്സൈറ്റ്: www.cipranchi.nic.in).

ക്ലിനിക്കൽ സൈക്കോളജിയും സൈക്യാട്രിയും അനുബന്ധ സേവനങ്ങളും ധാരാളം പ്രഫഷനൽ സാധ്യതകളുള്ള മേഖലകളാണ്.

ജൂൺ രണ്ടിനു തുടങ്ങുന്ന പ്രോഗ്രാമുകളിലേക്ക് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ ജനറൽ, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 1000 രൂപ. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർ 500 രൂപ. ബാങ്ക് ചാർജുമുണ്ട്. അപേക്ഷയുടെ ഹാർ‍ഡ് കോപ്പി അയച്ചുകൊടുക്കേണ്ട.

ഗ്രൂപ്പ് എ

  1. പിഎച്ച്ഡി ഇൻ ക്ലിനിക്കൽ സൈക്കോളജി: മെഡിക്കൽ ആൻഡ് സോഷ്യൽ സൈക്കോളജിയിലോ ക്ലിനിക്കൽ സൈക്കോളജിയിലോ എം.ഫിൽ ഉള്ളവർക്ക് 2 വർഷം. 4 സീറ്റ്.
  2. എംഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി: 55% മാർക്കോടെ സൈക്കോളജി എംഎ /എംഎസ്‌സി. പട്ടിക, പിന്നാക്ക വിഭാഗത്തിന് 50%. കോഴ്‌സ് 2 വർഷം. 21 സീറ്റ്.

ഗ്രൂപ്പ് ബി

  1. എം.ഫിൽ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക്: 55% മാർക്കോടെ സോഷ്യൽ വർക്കിൽ മാസ്‌റ്റർ ബിരുദം. പട്ടിക, പിന്നാക്ക വിഭാഗത്തിന് 50% മതി. 2 വർഷം. 15 സീറ്റ്.

ഗ്രൂപ്പ് സി

  1. ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്‌സിങ്: ജിഎൻഎമ്മിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റ് വേണം. കോഴ്‌സ് ഒരു വർഷം. 23 സീറ്റ്.

എ, ബി ഗ്രൂപ്പുകാർക്ക് 25,000 രൂപയും സി ഗ്രൂപ്പുകാർക്ക് 2500 രൂപയും പ്രതിമാസ സ്കോളർഷിപ് ലഭിക്കും. പിഎച്ച്ഡിക്കൊഴികെ എല്ലാ പ്രോഗ്രാമുകളിലും കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്.

കംപ്യൂട്ടർ ഉപയോഗിച്ചുള്ള എൻട്രൻസ് പരീക്ഷ 27നു ബെംഗളൂരു, ചെന്നൈ അടക്കം 8 കേന്ദ്രങ്ങളിൽ. കേരളത്തിൽ കേന്ദ്രമില്ല. അഡ്മിറ്റ് കാർഡ് ഏപ്രിൽ 14നു വെബ്സൈറ്റിൽ‌ വരും. പ്രാഥമിക സിലക്‌ഷനുള്ളവർക്കായി മേയ് 13–15 തീയതികളിൽ റാഞ്ചിയിൽ ഇന്റർവ്യൂ / പ്രാക്ടിക്കൽ നടത്തും.

നഴ്സിങ് കോഴ്സ് സിലക്‌ഷന് എഴുത്തു പരീക്ഷയില്ല; റാഞ്ചിയിൽ ഇന്റർവ്യൂ മാത്രം. സിലക്‌ഷൻ ലിസ്റ്റ് മേയ് 17ന്. ക്ലാസുകൾ ജൂൺ 2നു തുടങ്ങും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

error: Content is protected !!