
കൊല്ലം : ഇന്ന് കൂടുതല്‍ ആളുകളും പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നവരാണ്. പലപ്പോഴും ഭക്ഷണങ്ങള്‍ നല്ലതാണോ അടുക്കള ഭാഗം നല്ലതാണോ.. ഇവര്‍ ഉപയോഗിക്കുന്ന സംസ്‌കൃത വസ്തുക്കള്‍ നല്ലതാണോ എന്നൊന്നും ചിന്തിക്കുന്നുണ്ടാവില്ല. ഭക്ഷ്യ വിഷബാധയേറ്റും മറ്റും ആശുപത്രിയിലെത്തുമ്പോള്‍ ആണ് പലരും ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുക. ഇപ്പോള്‍ ഇതാ ഒരു റെയില്‍വേ സ്‌റ്റേഷനു സമീപത്തെ കട പൂട്ടിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത എണ്ണ കൊണ്ടുണ്ടാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നാട്ടുകാര്‍ കൈയ്യോടെ പൊക്കിയതിന് പിന്നാലെയാണ് അധികൃതര്‍ എത്തി കട പൂട്ടിച്ചത്.
കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപം പുതിയകാവ് ക്ഷേത്രത്തിനു മുന്നില്‍ നിന്ന് എസ്എംപി പാലസ് റോഡിലേക്കു പോകുന്നിടത്തെ പേരില്ലാത്ത കടയാണു കോര്‍പറേഷന്‍ അധികൃതര്‍ പൂട്ടി സീല്‍ ചെയ്തത്. നാട്ടുകാര്‍ പിടികൂടുന്നത് വരെ അധികൃതരാരും ഇത് കണ്ട ഭാവം കാണിച്ചിരുന്നില്ല. എന്നാല്‍ നാട്ടുകാര്‍ തന്നെ പിടികൂടിയതോടെയാണ് അധികൃതര്‍ എത്തി കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തുന്ന നൂറുകണക്കിനു യാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടി വന്‍തോതില്‍ പൊരിച്ചെടുത്ത ‘പ്ലാസ്റ്റിക് പലഹാര’ ങ്ങള്‍ വില്‍ക്കുന്ന കട പൂട്ടിച്ചത്. വിവരമറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് അധികൃതര്‍ സാംപിളുകള്‍ ശേഖരിച്ചു മടങ്ങി. വെള്ളം പരിശോധിച്ചതിന്റെ രേഖകള്‍ മാത്രമാണ് ഉടമ ഹാജരാക്കിയതെന്നും ലൈസന്‍സോ മറ്റോ ഇല്ലായിരുന്നെന്നും കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എസ്.രാജീവ് പറഞ്ഞു. കട അടപ്പിച്ചതിനു പുറമേ കോര്‍പറേഷന്‍ പിഴ ഈടാക്കും.
കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ടി.കെ നൗഷിര്‍ ആണു കട നടത്തിയിരുന്നത്. ഇയാള്‍ക്കു നഗരത്തില്‍ പള്ളിമുക്കിലും കടയുണ്ടെങ്കിലും അത് അടച്ചിട്ടിരിക്കുകയാണ്. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളില്‍ ചായയും പലഹാരവും വില്‍പന നടത്താന്‍ കരാറെടുത്തയാളാണ് നൗഷിര്‍ എന്നു പറയുന്നു. ഉഴുന്നുവട, പഴംപൊരി എന്നിവയാണു പ്രധാനമായും ഇവിടെ തയാറാക്കി വില്‍പന നടത്തിയിരുന്നത്. അസം സ്വദേശികളായ 2 തൊഴിലാളികളാണ് കടയില്‍ ജോലി ചെയ്തിരുന്നത്. പാമൊലിന്‍ എണ്ണയുടെയും മറ്റു ബേക്കറി പലഹാരങ്ങളുടെയും പ്ലാസ്റ്റിക് പോളിത്തീന്‍ കവറുകള്‍, പൊരിക്കാന്‍ ഉപയോഗിക്കുന്ന എണ്ണയോടൊപ്പം ഇട്ടു തിളപ്പിക്കുകയാണു പതിവ്. പ്ലാസ്റ്റിക് ഉരുകി എണ്ണയില്‍ ലയിക്കും.പലഹാരങ്ങള്‍ നന്നായി മൊരിയാനും മിനുസം കിട്ടാനുമാണത്രെ ഇതു ചേര്‍ക്കുന്നത്. പെട്ടെന്നു ചീത്തയാകുകയുമില്ല. ചിപ്‌സ് തയാറാക്കുന്നതിനും ഇത് ചിലര്‍ ഉപയോഗിക്കുന്നതായി ആരോഗ്യവകുപ്പ് നേരത്തേ കണ്ടെത്തിയിരുന്നു. ഭക്ഷ്യസാധനങ്ങളുടെ സാംപിള്‍ കോര്‍പറേഷന്‍ അധികൃതര്‍ ശേഖരിച്ചു ഭക്ഷ്യസുരക്ഷാ വകുപ്പിന് അയച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികളും മറ്റും സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് അധികാരമുള്ളത്. അവരുടെ റിപ്പോര്‍ട്ടിന് അനുസരിച്ചായിരിക്കും തുടര്‍ നടപടി.