പ്ലസ് വണ്‍ സീറ്റ്: യഥാര്‍ത്ഥ കണക്ക് സര്‍ക്കാറിന് നല്‍കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍

മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാറിന് അടിയന്തിരമായി സമര്‍പ്പിക്കാന്‍ ഹയര്‍സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ജില്ലയില്‍ നിന്നും ഉപരി പഠനത്തിന് അര്‍ഹത നേടിയവര്‍, പ്ലസ് വണ്‍ പ്രവേശനത്തിനായി ആകെ അപേക്ഷിച്ചവര്‍, ഇതു വരെ അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയവര്‍, പ്രവേശനം കാത്തിരിക്കുന്നവര്‍, ലഭ്യമായ സീറ്റുകള്‍, ജില്ലയില്‍ നിന്നും മറ്റു ജില്ലകളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍, മറ്റു ജില്ലകളില്‍ നിന്ന് ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ തുടങ്ങി വിശദ വിവരങ്ങള്‍ ലഭ്യമാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. വികസന സമിതി യോഗത്തില്‍ ജില്ലയിലെ എം.എല്‍.എമാര്‍ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഹയര്‍സെക്കണ്ടറി വിഭാഗം ഐ.സി.ടി സെല്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ജില്ലയില്‍ 373 പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണ്. എന്നാല്‍ ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമമുണ്ടെന്നത് യാഥാര്‍ത്ഥ്യവുമാണ്. അധിക സീറ്റുകളുള്ള ജില്ലയില്‍ എങ്ങിനെ അഡീഷണല്‍ ബാച്ച് നല്‍കാന്‍ കഴിയും?. സമഗ്രവും സത്യസന്ധവുമായ വിവരങ്ങള്‍ നല്‍കാതെ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രവണത ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കണ്ടറി മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. ഫയല്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന പരാതിയും പരിഹരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.
ഭാരത് മാല പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാര പാക്കേജ്  സംബന്ധിച്ച് കൃത്യമായ വിവരം പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കുന്നതിനായി ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേരണമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളുടെ ക്ലാസിഫിക്കേഷന്‍, ബൈലോ അംഗീകാരം നല്‍കല്‍ തുടങ്ങിയവ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ലഹരി ഉപയോഗം തടയുന്നതിനായി ഭാഗമായി പബ്ലിക് റിലേഷന്‍സ് വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, പൊലീസ്, എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പ്, കോളേജുകള്‍, എന്‍.സി.സി, എസ്.പി.സി തുടങ്ങിയവ ചേര്‍ന്ന് സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ വിആര്‍ പ്രേംകുമാര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായുള്ള പഞ്ചായത്ത് തല ആക്ഷന്‍ കമ്മിറ്റിയും ഇതിനായി രൂപീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും എംപ്ലോയ്‌മെന്റ്, പി.എസ്.സി രജിസ്‌ട്രേഷനുമായി പഞ്ചായത്ത് തലങ്ങളില്‍ ഐ.ടി മിഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ക്യാമ്പുകള്‍ സംഘടിപ്പിക്കും. വ്യവസായ വികസനത്തിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം ആവശ്യമാണെന്നു വിലയിരുത്തി സ്വകാര്യ മേഖലയില്‍ വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ജില്ലയില്‍ കുറ്റിപ്പുറത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിന്  അനുമതി തേടിയിട്ടുണ്ട്. പ്രകൃതി സൗഹൃദമായ ഇത്തരത്തലുള്ള കൂടുതല്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ ജില്ലയിലെ ഓരോ നിയോജമണ്ഡലത്തിലും ആരംഭിക്കാന്‍ ശ്രമം നടത്തുമെന്നും കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, എം.എല്‍.എമാര്‍ എന്നിവരടങ്ങുന്ന സമിതിയുടെ യോഗം മൂന്നു മാസത്തിലൊരിക്കല്‍ വിളിച്ചു ചേര്‍ക്കണമെന്നും യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
കിഫ്ബി വഴി നിര്‍മിച്ച പല സ്‌കൂളുകള്‍ക്കും കെട്ടിട നമ്പര്‍ നല്‍കുന്നതിന് പല പഞ്ചായത്തുകളും പല മാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നതെന്നും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ടി.വി ഇബ്രാഹിം എം.എല്‍.എ ചൂണ്ടിക്കാട്ടി. കെട്ടിടം നിര്‍മിച്ചിട്ടും അദ്ധ്യയനം തുടങ്ങാന്‍ കഴിയാത്തത് അദ്ധ്യാപക തസ്തികകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. ഇക്കാര്യത്തില്‍ പൊതു മാനദണ്ഡം പാലിക്കണമെന്നും തദ്ദേശ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തോട് എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയില്‍ തകര്‍ന്ന ദേശീയപാതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആളില്ലാത്ത സ്ഥിതിക്ക് പരിഹാരമുണ്ടാവണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം ലഭിക്കാത്തതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സ്വീകരിക്കണമെന്ന് പി. ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു. യഥാസമയം യൂണിഫോം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വന്ന വീഴ്ചയാണ്  യൂണിഫോം ലഭിക്കാതിരിക്കുന്നതിനിടയാക്കിയതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പറഞ്ഞു. മതിയായ കെട്ടിട സൗകര്യമില്ലാത്തതായി മഞ്ചേരി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പൊന്മുണ്ടം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവയാണ് ജില്ലയിലുള്ളതെന്നും ഈ സ്‌കൂളുകളില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.
മഞ്ചേരി- ഒലിപ്പുഴ റോഡിലെ കുഴികള്‍ നികത്തുന്നതിന് ടെണ്ടര്‍ വിളിച്ചിട്ട് ആരും പങ്കെടുത്തില്ലെന്നും ടീ ടെണ്ടര്‍ ചെയ്തിട്ടുണ്ടെന്നും യു.എ ലത്തീഫ് എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ജില്ലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് കെ.എസ്.ഇ.ബി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. തീരദേശ ഹൈവേയില്‍ പെട്ട പറവണ്ണ സീവാള്‍ റോഡ് പ്രവൃത്തി ദ്രുതഗതിയിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
അനാവശ്യ സാങ്കേതിക വാദങ്ങള്‍ നിരത്തി വികസനം തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പി. നന്ദകുമാര്‍ എം.എല്‍.എ യുടെ പ്രതിനിധി ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി. ഉബൈദുല്ല, പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, കെ.പി.എ മജീദ്, പി. അബ്ദുല്‍ ഹമീദ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, കുറുക്കോളി മൊയ്തീന്‍, യു.എ ലത്തീഫ്, നജീബ് കാന്തപുരം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മൂത്തേടം, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ സുരേഷ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ബി ബാബു കുമാര്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അഷ്‌റഫ് കോക്കൂര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയുടെ പ്രതിനിധി ഉബൈദ്, പി.വി അബ്ദുള്‍ വഹാബ് എം.പിയുടെ പ്രതിനിധി അഡ്വ. പി അബുസിദ്ധീഖ്, രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി വി.എസ് ജോയി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!