
പൊന്നാനി : റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പ്രശ്നങ്ങള്‍ മുതല്‍ പൊന്നാനി ഫിഷറീസ് കോപ്ലക്സ് നിര്‍മിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍. പൊന്നാനി നിയോജകമണ്ഡലത്തില്‍ തീരസദസ്സിന്റെ ഭാഗമായി തീരദേശ ജനതയുടെ പ്രശനങ്ങള്‍ നേരിട്ടറിഞ്ഞ് ചര്‍ച്ച ചെയ്ത് മന്ത്രി സജി ചെറിയാന്‍. 492 പരാതികളാണ് തീരസദസ്സില്‍ മന്ത്രിക്ക് മുന്നിലെത്തിയത്. 402 ഓണ്‍ലൈന്‍ പരാതികളും സ്പോട്ട് രജിസ്ടേഷന്‍ വഴി 90 പരാതികളുമാണ് ലഭിച്ചത്. എല്ലാം ക്ഷമയോടെ കേട്ട് അവയ്ക്കുള്ളപരിഹാരങ്ങളും പോംവഴികളും മന്ത്രി നിര്‍ദേശിച്ചു.
കടലാക്രമണം, ഭവന നിര്‍മാണം, നഷ്ട്ട പരിഹാരം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, തീരദേശ റോഡുകളുടെ നവീകരണം, കുടിവെള്ളം, തുടങ്ങിയ വിഷയങ്ങളും അവ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി.
പുതുപൊന്നാനിയില്‍ ഫിഷ് ലാന്റിങും പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് ഫിഷിങ് ക്ലോപ്ലക്സ് നിര്‍മിക്കും. ഇതിനായി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന് നിര്‍ദേശം നല്‍കി. മണ്ഡലത്തിലെ പട്ടയ പ്രശ്നത്തില്‍ വ്യക്തത വരുത്തുന്നതിനായി എം.എല്‍.എയുടെയും കലക്ടറുടെയും അധ്യക്ഷതയില്‍ യോഗം വിളിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. മാടുമ്മല്‍ ദ്വീപിലെ പട്ടയ വിഷയത്തിലും തുടര്‍ നടപടി സ്വീകരിക്കും. ഹാര്‍ബറിലെ ചില്‍ഡ് റൂമിലെ വാടക വിഷയത്തില്‍ പരിഹാരം കാണുന്നതിന് എം.എല്‍.എക്ക് നിര്‍ദേശം നല്‍കി.
രണ്ട് സെഷനുകളായാണ് തീരസദസ്സ് സംഘടിപ്പിച്ചത്. ആദ്യ സെഷനില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ മണ്ഡലത്തിലെ ജനപ്രതിനിധികളുമായി പ്രാദേശികമായുള്ള പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും നടപ്പാക്കേണ്ട അടിയന്തിരവികസന പദ്ധതികളുമാണ് ചര്‍ച്ച ചെയ്തത്. രണ്ടാമത്തെ സെഷനില്‍ ഇപ്രകാരം ലഭിച്ച പരാതികളിന്മേല്‍ ഉടനടി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ക്ക് അവിടെ വച്ച് തന്നെ പരിഹാരം കണ്ടു.