
പൊന്നാനി: പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് പുതിയ മാതൃകയുമായി പൊന്നാനി നഗരസഭ. അടുക്കള തോട്ടമൊരുക്കാന്‍ മണ്‍ചട്ടിയില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. പൊന്നാനി നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതി പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഈശ്വരമംഗലത്തുള്ള നഗരസഭാ മുനിസിപ്പല്‍ നഴ്സറിയില്‍ നടന്ന വിതരണോദ്ഘാടനം നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു.
15 മണ്‍ചട്ടികളിലുള്ള പച്ചക്കറി തൈകള്‍, ആവശ്യമായ ജൈവ വളം എന്നിവയടങ്ങുന്ന യൂണിറ്റാണ് വിതരണം ചെയ്യുന്നത്. 15 മണ്‍ചട്ടികള്‍ക്ക് പുറമെ വെണ്ട, മുളക്, തക്കാളി, വഴുതന തുടങ്ങിയവയുടെ തൈകളും യൂണിറ്റില്‍ ഉള്‍പ്പെടും. നഗരസഭയിലെ വിവിധ വാര്‍ഡുകളിലായി 900 കുടുംബങ്ങള്‍ക്ക് വിതരണത്തിനായി 13.5 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. 1500 രൂപ വിലവരുന്ന ഒരു യൂണിറ്റിന് 375 രൂപയാണ് ഗുണഭോക്തൃവിഹിതം.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീഷ് ഊപ്പാല, വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഷാലി പ്രദീപ്, കൗണ്‍സിലര്‍മാരായ കെ.വി ബാബു, എ. അബ്ദുല്‍ സലാം, കൃഷി ഓഫീസര്‍ പ്രദീപ്, ഐ.സി.എസ്.ആര്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ഇമ്പിച്ചികോയ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.