തിരൂരങ്ങാടി : പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമത്തിന്റെ നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടി ആള് മാറി ജപ്തി ചെയ്ത നടപടി തഹസിൽദാർ റദ്ദാക്കി. താലൂക്കിൽ എടരിക്കോട് പഞ്ചായത്ത് അംഗം ചെട്ടിയാം തൊടി അഷ്റഫ്, ചെമ്മാട് സി കെ നഗർ പള്ളിയാളി മൊയ്ദീൻ കുട്ടി എന്നിവരുടെ വീടും സ്ഥലവും ജപ്തി ചെയ്ത നടപടിയാണ് റദ്ദാക്കിയത്. അഷ്റഫ് മുസ്ലിം ലീഗ് പ്രവർത്തകനും മൊയ്ദീൻ കുട്ടി കാന്തപുരം വിഭാഗം സുന്നി പ്രവർത്തകനുമാണ്. പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത തങ്ങളുടെ സ്വത്തുക്കൾ ജപ്തി ചെയ്തതിനെതിരെ ഇരുവരും പരാതി നൽകിയിരുന്നു. ആഭ്യന്തര വകുപ്പ് നൽകിയ പട്ടികയിൽ ഉൾപ്പെട്ടത് കൊണ്ടാണ് നടപടി എന്നാണ് പറഞ്ഞിരുന്നത്. പരാതിയെ തുടർന്ന് നടത്തിയ പുന പരിശോധന യിൽ ആണ് ഇവർ നിരപരാധികൾ ആണെന്ന് വ്യക്തമായത്. ഇതേ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ പി.ഒ.സാദിഖ് ജപ്തി നടപടി റദ്ദാക്കി ഉത്തരവിറക്കി. ഇന്ന് വില്ലേജ് ഓഫീസർമാർ ഇരുവർക്കും ഉത്തരവ് കൈമാറും. മാറാക്കാര, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും ഇത്തരത്തിൽ നടന്ന ജപ്തി നടപടി ഒഴിവാക്കിയിട്ടുണ്ട്.