
ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. ഇന്ത്യ പോസ്റ്റല്‍ വകുപ്പ് ഗ്രമീൺ ഡാക് സേവക് (ജിഡിഎസ്) തസ്തികയിലേക്ക് നിയമനം നടത്തുകയാണ്. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലെ ഒഴിവുകളാണ് നികത്തുന്നത്. ഈ തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
21,413 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മാർച്ച് 3 ആണ് ഓണ്‍ലൈന്‍ ആയി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in ലൂടെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. കേരളത്തിൽ മാത്രം 1,835 ഒഴിവുകളുണ്ട്. പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താം. പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ അപേക്ഷ നിരസിക്കുന്നതാണ്.
100 രൂപയാണ് അപേക്ഷ ഫീസ്. നെറ്റ്ബാങ്ക്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫീസ് അടക്കാം. സ്ത്രീകൾ, എസ് സി/എസ് ടി വിഭാഗങ്ങളിൽപ്പെട്ടവർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡറുകൾ എന്നിവരെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 18നും 40നും ഇടയിൽ പ്രായമുള്ളവർ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. എഴുത്ത് പരീക്ഷയില്ലാതെ സിസ്റ്റം-ജനറേറ്റഡ് മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ ഡോക്യുമെന്റ് വെരിഫിക്കേഷനും, ആവശ്യമെങ്കിൽ മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിനും വിധേയരാകണം. താത്പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
അപേക്ഷിക്കേണ്ട വിധം
ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.indiapost.gov.in/ സന്ദർശിക്കുക
ഹോംപേജിൽ കാണുന്ന ‘രജിസ്റ്റർ’ ബട്ടണിൽ ക്ലിക്ക് ചെയ്ത് പേര്, ജനന തീയതി, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകുക.
ലഭിച്ച ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ച് നൽകുക.
ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കുക.
അപേക്ഷ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.