പ്രീ ഡിഗ്രിയും മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് എടുത്ത് കൊടുത്ത പരിചയവും ; 5 വര്‍ഷത്തോളം ഡോക്ടര്‍ ചമഞ്ഞ് ആളുകളെ ചികിത്സിച്ച വ്യാജന്‍ പിടിയില്‍

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ മാവുംചോട് സ്വദേശി തെന്മലശ്ശേരി രതീഷ് ( 41 ) ആണ് വഴിക്കടവ് പോലീസ് പിടികൂടിയത്. 5 വര്‍ഷത്തോളമായി ഇയാള്‍ ആളുകളെ ചികിത്സിച്ചു വരികയായിരുന്നു. വെറും പ്രീ ഡിഗ്രി മാത്രമുള്ള ഇയാള്‍ക്ക് 12 വര്‍ഷത്തോളം വിവിധ മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് എടുത്ത് കൊടുത്ത പരിചയം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

വഴിക്കടവിന് അടുത്തുള്ള അല്‍ മാസ് ആശുപത്രിയില്‍ ആയിരുന്നു ഇയാള്‍ ചികിത്സിച്ചിരുന്നത്. ആശുപത്രി ഉടമസ്ഥനായ ഷാഫി ഐലാശ്ശേരി, മാനേജര്‍ പാണ്ടിക്കാട് സ്വദേശി ഷമീര്‍ എന്നിവരെയും പോലീസ് പിടികൂടി. ഇവര്‍ അറിഞ്ഞു കൊണ്ട് തന്നെ രതീഷിനെ എറണാകുളത്ത് നിന്നും കൊണ്ട് വന്ന് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുക ആയിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. ആള്‍മാറാട്ടം, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഉള്ള വകുപ്പുകള്‍ ആണ് ഇവര്‍ക്ക് എതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.

സംശയത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് രതീഷ് വ്യാജ ഡോക്ടര്‍ ആണെന്ന് തെളിഞ്ഞതും തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തതും. വഴിക്കടവ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന പ്രതികളെ ചോദ്യം ചെയ്യുകയാണ്.

error: Content is protected !!