പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വെട്ടിച്ചുരുക്കുന്നു; ഇനി 9,10 ക്ലാസുകളില്‍മാത്രം, വ്യാപകപ്രതിഷേധം

മറ്റ് പിന്നാക്കവിഭാഗങ്ങളിലെ (ഒ.ബി.സി.) ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിരുന്ന ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് വെട്ടിച്ചുരുക്കിയ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നടപടിയിൽ വ്യാപകപ്രതിഷേധം. സ്കോളർഷിപ്പ് നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ്. രംഗത്തെത്തി. സ്കോളർഷിപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ കോൺഗ്രസ് എം.പി. ശശി തരൂർ ഉൾപ്പെടെയുള്ളവർ പിന്തുണച്ചു.

മുസ്ലിം, ക്രിസ്ത്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ രണ്ടരലക്ഷത്തിൽത്താഴെ വരുമാനപരിധിയുള്ള വിദ്യാർഥികളെയാണ് കാലങ്ങളായി സ്കോളർഷിപ്പിന് പരിഗണിച്ചിരുന്നത്. പ്രതിവർഷം 1500 രൂപയായിരുന്നു സ്കോളർഷിപ്പ് തുക. 50 ശതമാനം തുക കേന്ദ്രവും 50 ശതമാനം തുക സംസ്ഥാനങ്ങളുമാണ് നൽകിയിരുന്നത്.

എന്നാൽ, സ്കോളർഷിപ്പ് ഒമ്പത്, പത്ത് ക്ലാസുകളിലേക്കുമാത്രമാക്കി ചുരുക്കിയാണ് ഇത്തവണ കേന്ദ്രം അപേക്ഷ ക്ഷണിച്ചത്. സ്കോളർഷിപ്പ് തുക 4000 രൂപയായി വർധിപ്പിച്ചു. ഇതിനുള്ള 40 ശതമാനം തുക സംസ്ഥാനങ്ങൾ വഹിക്കണമെന്നും പുതുക്കിയ വിജ്ഞാപനത്തിലുണ്ട്. കഴിഞ്ഞ മാസം 31 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി.

ന്യൂനപക്ഷവിഭാഗങ്ങളിലെ ബിരുദ-ബിരുദാനന്തര കോഴ്സുകളിലുള്ള വിദ്യാർഥികൾക്ക് നൽകിവന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് തുകയും വെട്ടിക്കുറച്ചിട്ടുണ്ട്. പ്രതിവർഷം ഒരു ലക്ഷംരൂപ വരെ സ്കോളർഷിപ്പ് ലഭിച്ചിരുന്നിടത്ത് ഇനിമുതൽ 20,000 രൂപയേ പരമാവധി ലഭിക്കൂ. സ്കോളർഷിപ്പ് നിരക്കുകൾക്ക് നാല് സ്ലാബുകളാണ് മാർഗരേഖയിൽ നിശ്ചയിച്ചിരിക്കുന്നത്. ബിരുദം, പി.ജി., പ്രൊഫഷണൽ കോഴ്സുകൾക്ക് 20,000 രൂപ, ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് 13,000 രൂപ, ഗ്രൂപ്പ് ഒന്നിലും രണ്ടിലും പെടാത്ത ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് 8000 രൂപ, നോൺ ഡിഗ്രി കോഴ്സുകൾക്ക് 5000 രൂപ എന്നിങ്ങനെയാണ് ഇനിമുതൽ പരമാവധി സ്കോളർഷിപ്പ് തുക. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യങ്ങളിൽനിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങി. ആൺകുട്ടികളുടെ ഹോസ്റ്റലിന് ഇനിമുതൽ 60 ശതമാനം തുകമാത്രമേ കേന്ദ്രസർക്കാർ നൽകൂ. ബാക്കി സംസ്ഥാനങ്ങൾ വഹിക്കണമെന്നും കേന്ദ്ര വിജ്ഞാപനത്തിലുണ്ട്.

error: Content is protected !!