
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. കാരുമാത്ര സ്വദേശിനി ഫസീല (23) തൂങ്ങിമരിച്ച സംഭവത്തില്‍ ഫസീലയുടെ ഭര്‍ത്താവ് നൗഫല്‍ (29) ഭര്‍തൃമാതാവ് റംലത്ത് (55) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഭര്‍തൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായിരുന്ന ഫസീലയെ ഭര്‍ത്താവ് ചവിട്ടിയെന്നും കുറെ നാളായി ദേഹോപദ്രവം ഏല്‍പിച്ചെന്നും യുവതി വാട്സാപ്പ് സന്ദേശത്തിലൂടെ മാതാവിനെ അറിയിച്ചിരുന്നു.
കേസില്‍ നേരത്തെ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഫസീല രണ്ടാമത് ഗര്‍ഭിണിയായതിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ഗര്‍ഭിണിയായ ഫസീലയുടെ നാഭിയില്‍ ഭര്‍ത്താവ് നൗഫല്‍ ചവിട്ടിയതിന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിവ് ലഭിച്ചു. മര്‍ദ്ദനത്തിന്റെ അടയാളം വയറ്റിലുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക സൂചന.
ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാര്‍ഡ് ബോര്‍ഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫല്‍. ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗര്‍ഭിണിയായിരുന്നു. ഒരുപാട് നാളായി ഭര്‍ത്താവ് ദേഹോപദ്രവം ചെയ്യുന്നുണ്ടെന്ന് യുവതി ഉമ്മയ്ക്ക് വാട്സ്അപ് സന്ദേശം അയച്ചിരുന്നു. യുവതിയുടെ മരണത്തില്‍ ഗാര്‍ഹിക പീഡന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു.
‘ഉമ്മ ഞാന്‍ രണ്ടാമത് ഗര്‍ഭിണിയാണ്. നൗഫല്‍ എന്റെ വയറ്റില്‍ കുറേ ചവിട്ടി. ഇവിടത്തെ ഉമ്മ എന്നെ തെറിവിളിച്ചു. ഉമ്മ ഞാന്‍ മരിക്കുകയാണ്. എന്നെ അല്ലെങ്കില്‍ ഇവര്‍ കൊല്ലും. എന്റെ കൈ നൗഫല്‍ പൊട്ടിച്ചു. പക്ഷെ എന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത് ട്ടാ. ഇത് എന്റെ അപേക്ഷയാണ്’, എന്നാണ് സന്ദേശത്തില്‍ പറയുന്നത്.
ഫസീലയുടെയും നൗഫലിന്റെയും ആദ്യത്തെ കുഞ്ഞിന് ഒരു വയസ് തികയുമ്പോഴേക്കും രണ്ടാമത് ഗര്‍ഭിണിയായതിന്റെ കുറ്റം ഫസീലയില്‍ മാത്രം ചുമത്തിയായിരുന്നു മര്‍ദനം. രണ്ടാമത് ഗര്‍ഭിണിയായത് അറിഞ്ഞതിന് പിന്നാലെയാണ് ഇയാള്‍ യുവതിയെ ക്രൂരമായി മര്‍ദിച്ചിരുന്നതെന്ന് ഫസീലയുടെ മാതൃ സഹോദരന്‍ നൗഷാദ് പറഞ്ഞു.
കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന പതിയാശ്ശേരി സ്വദേശി കാട്ടുപറമ്പില്‍ അബ്ദുല്‍ റഷീദിന്റെയും സെക്കീനയുടെയും മകളാണ്. മകന്‍:മുഹമ്മദ് സെയാന്‍.