എട്ട് ദിവസം അഞ്ച് രാജ്യങ്ങള്‍ ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദര്‍ശനം ഇന്ന് മുതല്‍

ദില്ലി : എട്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. പത്ത് വര്‍ഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ നയതന്ത്ര സന്ദര്‍ശനമാണിത്. ആദ്യം ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെത്തും. പിന്നീട് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും.

ഘാനയിലേക്കാണ് ആദ്യസന്ദര്‍ശനം. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. ജൂലൈ രണ്ട്, മൂന്ന് തീയതികളിലായിരിക്കും മോദിയുടെ ഘാന സന്ദര്‍ശനം. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലും മോദി സന്ദര്‍ശിക്കും. 26 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ സന്ദര്‍ശനമാണിത്.

ഈ മാസം 6, 7 തീയതികളില്‍ ബ്രസീലിലെ റിയോഡി ജനീറോയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുന്നതാകണം ബ്രിക്‌സ് സംയുക്ത പ്രഖ്യാപനം എന്ന നിര്‍ദേശം ഇന്ത്യ മുന്നോട്ടു വെച്ചിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിനെതിരെ കര്‍ശന നയം വേണം എന്ന നിലപാട് പ്രധാനമന്ത്രി മോദി ഉച്ചകോടിയില്‍ അറിയിക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല.

ഈ മാസം 9ന് നമീബീയിലും മോദി സന്ദര്‍ശനം നടത്തുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനത്തില്‍ പ്രധാനപ്പെട്ട ധാരണാപത്രങ്ങള്‍ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!