കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വര്‍ധിപ്പിച്ച സേവന നിരക്കില്‍ നേരിയ തോതില്‍ കുറക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന എച്ച് എംസി യോഗത്തിലാണ് വര്‍ധിപ്പിച്ച നിരക്കില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. ഇസിജിക്ക് 100 രൂപയായി വര്‍ധിപ്പിച്ചത് 60 രൂപയാക്കി മാറ്റും. എക്‌സ്‌റേ 90 രൂപയാക്കി. ഫിസിയോ തെറപ്പി 70 രൂപയും ഫിസിയോ തെറാപ്പി പാക്കേജിന് 700 രൂപയുമാക്കി.
ഓപ്പറേഷന്‍, മൈനറിന് 150 രൂപയും മേജറിന് 300 രൂപയുമാക്കി. ലാബില്‍ കൊളസ്‌ട്രോള്‍ പരിശോധനയ്ക്ക് 30 രൂപയാക്കി. ജനന സര്‍ട്ടിഫിക്കറ്റിന് 100 രൂപയാക്കി വര്‍ധിപ്പിച്ചത് തുടരാനും തീരുമാനിച്ചു.
യോഗത്തില്‍ ഏകാഭിപ്രായത്തിലാണ് തീരുമാനമെടുത്തതെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.പി.ഇസ്മായില്‍ പറഞ്ഞു. നവംബര്‍ ഒന്നു മുതലാണ് കൂടിയ നിരക്ക് പ്രാബല്യത്തില്‍ വരിക.
ആശുപത്രിയിലെ സേവനങ്ങള്‍ക്ക് ഫീസ് കൂട്ടാന്‍ തീരുമാനിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ ഉള്‍പ്പെട്ട എച്ച്എംസി യോഗത്തിലാണ് ഒന്നിച്ച് തീരുമാനമെടുത്തത്. എന്നാല്‍ പിന്നീട് യുവജന സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതോടെ ചാര്‍ജ് കുറക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് യോഗം ചേര്‍ത്ത് ചാര്‍ജില്‍ നേരിയ കുറവ് വരുത്താന്‍ തീരുമാനിച്ചത്. മറ്റു താലൂക്ക് ആശുപത്രികളിലെ നിരക്കുകള്‍ കൂടി താരതമ്യം ചെയ്ത് അതേ നിരക്കിലോ അതിനേക്കാളും കുറവോ ആയാണ് മാറ്റം വരുത്തിയതെന്ന് സി.പി.ഇസ്മായില്‍ പറഞ്ഞു.
കോവിഡിനെ തുടര്‍ന്ന് എച്ച്എംസിക്കുള്ള വരുമാനം കുറഞ്ഞതിനെ തുടര്‍ന്നാണ് ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ളവ നല്‍കാന്‍ പ്രയാസപ്പെടുകയാണ്. ഇതെ തുടര്‍ന്നാണ് ഫീസ് വര്‍ധധിപ്പിക്കുന്നതെന്നും സി.പി.ഇസ്മായില്‍ പറഞ്ഞു.
അതേ സമയം, എക്‌സ്‌റേ, ലാബ് തുടങ്ങിയവയ്ക്ക് സ്വകാര്യ ലാബുകളിലേതുമായി വലിയ മാറ്റമില്ലെന്നാണ് മാറ്റത്തെ കുറിച്ച് യുവജന നേതാക്കള്‍ പറയുന്നത്.
യോഗത്തില്‍ നഗരസഭാധ്യക്ഷന്‍ കെ.പി.മുഹമ്മദ് കുട്ടി ആധ്യക്ഷ്യം വഹിച്ചു. ഉപാധ്യക്ഷ സി.പി.സുഹ്‌റാബി, സി.പി.ഇസ്മായില്‍, വഹീദ ചെമ്പ, സൂപ്രണ്ട് ഡോ.നസീമ മുബാറക, ആര്‍എംഒ ഹഫീസ് റഹ്മാന്‍, പി.കെ.അസീസ്, എല്‍ഡിഎഫ് , യുഡിഎഫ് രാഷ്ട്രീയ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.