കരിപ്പൂര്‍ : ഈ വര്‍ഷത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ് കമ്മിറ്റി മുഖേനയുള്ള ഹജ് തീര്‍ഥാടനത്തിനു യാത്രാനിരക്കില്‍ ആശങ്കയുമായി തീര്‍ത്ഥാടകര്‍. ഇത്തവണത്തെ നിരക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റു വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 85,000 രൂപ അധികമാണ് കരിപ്പൂരില്‍ നിന്നുള്ള ഹജ് യാത്രക്ക്. ഇതു കടുത്ത വിവേചനവും അനീതിയുമാണെന്ന് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ എം.പി.അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ഇ മെയില്‍ അയച്ചു. സംസ്ഥാന ഹജ് കമ്മിറ്റിയും നിരക്ക് വര്‍ധനവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഹജ് സര്‍വീസുകള്‍ക്ക് വിമാനക്കമ്പനികളെ നിശ്ചയിക്കുന്നതിനുള്ള നടപടിയിലേക്കു കേന്ദ്രം നീങ്ങിയപ്പോള്‍ ആണ് കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിക്കുന്നവരെ ആശങ്കപ്പെടുത്തുന്ന വിവരമെത്തിയത്. 1.65 ലക്ഷം രൂപയാണു കോഴിക്കോട്ടുനിന്നുള്ള യാത്രയ്ക്ക് വിമാനക്കമ്പനി നിരക്ക് കാണിച്ചിട്ടുള്ളതെന്നും എന്നാല്‍, കൊച്ചിയിലും കണ്ണൂരിലും ഇതിന്റെ പകുതി നിരക്കേ ഉള്ളൂ എന്നുമായിരുന്നു വിവരം. കഴിഞ്ഞ വര്‍ഷം കേരളത്തിലെ കുറഞ്ഞ വിമാന യാത്രാനിരക്ക് കരിപ്പൂരായിരുന്നു; 1,20,490 രൂപ. കൊച്ചിയില്‍ 121,275 രൂപയും കണ്ണൂരില്‍ 1,22,142 രൂപയുമായിരുന്നു യാത്രാനിരക്ക്. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഹജ് ഹൗസ് അധികൃതര്‍ പറഞ്ഞു.
യാത്രാനിരക്കു സംബന്ധിച്ച വിവരം പുറത്തുവന്നതോടെ, അടിയന്തരമായി സംസ്ഥാന ഹജ് കമ്മിറ്റി ചേര്‍ന്നു. ടെന്‍ഡര്‍ മുഖേനയോ മറ്റോ തുക കുറയ്ക്കണമെന്നും ഏകീകരിക്കണമെന്നും കേന്ദ്ര ന്യൂനപക്ഷ, വ്യോമയാന മന്ത്രാലയങ്ങളോടും കേന്ദ്ര ഹജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടു. ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി ആധ്യക്ഷ്യം വഹിച്ചു. മന്ത്രി വി.അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലും ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നു ഹജ് കമ്മിറ്റി അറിയിച്ചു.