കാസര്‍കോട് : ഏറ്റവും മോശം പൊലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്കും മലപ്പുറത്തേക്കും വിടുകയാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. അബ്ദുള്‍ സത്താറിനോട് പൊലീസ് കാട്ടിയത് ഗുണ്ടായിസമാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തിലുടനീളം ഇതാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പി വി അന്‍വര്‍.
പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നു. തട്ടിപ്പ് സംഘത്തിന്റെ തനി സ്വഭാവമാണ് പൊലീസ് കാണിക്കുന്നത്. കേരളത്തില്‍ പൊലീസിന്റെ ഏറ്റവും വലിയ ഇരകള്‍ ഓട്ടോ തൊഴിലാളിക്കും ഇരുചക്രവാഹനം ഓടിക്കുന്നവരുമാണ്. എസ്‌ഐ അനൂപിനെ പിരിച്ച് വിടണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു.
ഒരു സാധുവിന്റെ വണ്ടി പൊലീസ് പിടിച്ചിട്ടപ്പോള്‍ ഏതെങ്കിലും നേതാവ് ചോദിക്കാന്‍ പോയോ? യൂണിയന്‍ നേതാക്കള്‍ക്ക് ഉത്തരവാദിത്തം ഇല്ലേ? പിതാവിനെ കാത്തുനില്‍ക്കുന്ന കുടുംബമാണ് അനാഥമായത്. പൊലീസിന്റെ അഹങ്കാരമാണ് റോഡില്‍ കാണുന്നത്. ഇത് ചോദ്യം ചെയ്യാന്‍ കാസര്‍കോട്ടെ ജനതയ്ക്ക് കഴിഞ്ഞില്ലെന്നും അന്‍വര്‍ പറഞ്ഞു.
അബ്ദുള്‍ സത്താറിന്റെ മകന്‍ ഷെയ്ഖ് അബ്ദുള്‍ ഷാനിസ് കാസര്‍കോട് റെസ്റ്റ് ഹൗസിലെത്തി. ഓട്ടോ തൊഴിലാളികളുമായും എംഎല്‍എ കൂടിക്കാഴ്ച നടത്തി.