റെയില്‍വേ വികസനം; നേട്ടങ്ങള്‍ക്ക് നന്ദി, കുറവുകള്‍ പരിഹരിക്കണം ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി

പാലക്കാട് : പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നടന്നു കൊണ്ടിരിക്കുന്ന വികസന പദ്ധതികള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും എല്ലാ പ്രവര്‍ത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും താനൂര്‍, തിരുനാവായ സ്റ്റേഷനുകള്‍ കൂടി അമൃത് ഭാരത് പദ്ധതികള്‍ ഉള്‍പെടുത്തണമെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍. എംപി ആവശ്യപ്പെട്ടു. ദക്ഷിണ മേഖല റെയില്‍വേ ജനറല്‍ മാനേജര്‍ ഇന്ന് പാലക്കാട് വിളിച്ചുചേര്‍ത്ത പാലക്കാട് ഡിവിഷന്റെ കീഴിലുള്ള എംപി മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം. പി.

പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന റെയില്‍വേ വികസനങ്ങളില്‍ എംപി യോഗത്തില്‍ നന്ദി രേഖപ്പെടുത്തി.റെയില്‍വേ സ്റ്റേഷനുകളിലെ കുറവുകള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും എംപി യോഗത്തില്‍ പറഞ്ഞു. അമൃത് ഭാരത് പദ്ധതിയില്‍ തിരൂര്‍, കുറ്റിപ്പുറം, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേറ്റിനുകളില്‍ വികസന പ്രവര്‍ത്തികള്‍ വളരെ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് /ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ജോലി ഉടന്‍ പൂര്‍ത്തിയാക്കും, സെക്കന്റ് എന്‍ട്രിയില്‍ റെയില്‍വേയുടെ സ്ഥലത്ത് റെയില്‍വേക്ക് വരുമാനം ലഭിക്കുന്ന രൂപത്തില്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നുണ്ടെന്നും, പുതിയ എസ്‌കലേറ്റര്‍, സൗകര്യം ഈ മെയ് മാസത്തോടെ പൂര്‍ത്തിയാക്കുമെന്നും, പാര്‍ക്കിംഗ് ഏരിയ വികസനവും മറ്റു സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തികളും ഉടന്‍ തന്നെ പൂര്‍ത്തീകരിക്കുമെന്നും താനൂര്‍, പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനുകളില്‍ ലിഫ്റ്റിന്റെ വര്‍ക്ക് പുരോഗമിക്കുന്നെണ്ടെന്നും, പരപ്പനങ്ങാടിയില്‍ ലിഫ്റ്റിന്റെ വര്‍ക്ക് ഉടന്‍ ആരംഭിക്കുമെന്നും യോഗത്തില്‍ എംപിയെ അറിയിച്ചു.

കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഏരിയ വികസനം, സ്റ്റേഷന്‍ നവീകരണം, ലിഫ്റ്റ് വര്‍ക്ക് തുടങ്ങിയ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അമൃത് ഭാരത് ഫേസ് 2 വില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കും.

താനൂര്‍, തിരുനാവായ, കുറ്റിപ്പുറം, പരപ്പനങ്ങാടി സ്റ്റേഷനുകളില്‍ പ്ലാറ്റ് ഫോം ഷെല്‍ട്ടറുകളുടെ വര്‍ക്ക് പുരോഗമിക്കുന്നുണ്ട്. താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഏരിയ പുരോഗമിക്കുന്നുണ്ട്.

പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ ബസ്റ്റാന്റ് ഭാഗത്ത് പാര്‍ക്കിംഗ് ഏരിയ വികസനം പുരോഗമിക്കുന്നുണ്ട്. അവിടെ ബുക്കിങ് ഓഫീസ് സൗകര്യം, വെയ്റ്റിംഗ് ഏരിയ എന്നിവ നിര്‍മ്മിക്കും , യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.

തിരുനാവായ സ്റ്റേഷനില്‍ പുതിയ മീഡിയം ലെവല്‍ ഷെല്‍ട്ടറുകള്‍ അനുവദിച്ചിട്ടുണ്ട്, പ്ലാറ്റ് ഫോം ഉയര്‍ത്തുന്ന പണി പുരോഗമിക്കുന്നുണ്ട്.

തിരൂരില്‍ ദീര്‍ഘ ദൂര ട്രെയിനുകള്‍ക്കും, വന്ദേഭാരത് എക്‌സ്പ്രസ്സിനും, പരപ്പനങ്ങാടി, താനൂര്‍, കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനുകളില്‍ വിവിധ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും റെയില്‍വേ ബോര്‍ഡിലേക്ക് ശുപാര്‍ശ ചെയ്യണമെന്നും എംപി ജനറല്‍ മാനേജറോട് ആവശ്യപ്പെട്ടു.

പാസഞ്ചര്‍ ട്രെയിനുകളുകടെ സമയമാറ്റവും, ക്യാന്‍സലെഷനും യാത്രക്കാര്‍ക്ക് ഉണ്ടാക്കിയിട്ടുള്ള ദുരിതങ്ങള്‍ എംപി യോഗത്തില്‍ ചൂണ്ടിക്കാട്ടി.

റെയില്‍വേ സുരക്ഷ ഭിത്തി നിര്‍മാണം പല സ്ഥലങ്ങളിലും ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വര്‍ഷങ്ങളായി ജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല വഴികളും റെയില്‍വേ കൊട്ടിയടക്കുകയാണ്, ഇത് ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തി ചെയ്യുന്നതാണ് എന്നാണ് റെയില്‍വേ പറയുന്നത്, എന്നാല്‍ ജനങ്ങള്‍ക്ക് റെയില്‍വേ ലൈന്‍ മുറിച്ചു കടക്കുന്നതിന് ആവശ്യമായ അണ്ടര്‍പ്പാസ് / ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സൗകര്യം ഒരുക്കണമെന്നും എംപി യോഗത്തില്‍ ആവശ്യം ഉന്നയിക്കുകയും ഇത് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുകയും ഉത്തരം സ്ഥലങ്ങള്‍ പരിശോധിക്കാമെന്ന് റെയില്‍വേ ജനറല്‍ മാനേജര്‍ എംപിക്ക് മറുപടി നല്‍കി.

യോഗത്തില്‍ ദക്ഷിണ മേഖല റെയില്‍വേ മാനേജര്‍ ആര്‍. എന്‍. സിംഗ് അധ്യക്ഷനായി, എംപിമാരായ ഡോ.എം. പി അബ്ദുസ്സമദ് സമദാനി, കെ. മുരളീധരന്‍, എം കെ രാഘവന്‍, രമ്യ ഹാരിദാസ്, വി. കെ.ശ്രീകണ്ഠന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, വി ശിവദാസന്‍, അഡിഷണല്‍ ജനറല്‍ മാനേജര്‍ കൗഷല്‍ കിഷോര്‍, പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!