റസാക്ക് പയമ്പ്രാട്ട് ഭരണ കൂടത്തിന്റെ മനുഷ്യത്വരഹിത സമീപനത്തിന്റെ ഒടുവിലത്തെ രക്ത സാക്ഷി ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്ത റസാക്ക് പയമ്പ്രാട്ട് ഭരണ കൂടത്തിന്റെ മനുഷ്യത്വരഹിത സമീപനത്തിന്റെ ഒടുവിലത്തെ രക്ത സാക്ഷിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. വിശ്വസിച്ച പ്രസ്ഥാനവും, അത് നേതൃത്വം കൊടുക്കുന്ന ഭരണകൂടവും നീതി നിഷേധിക്കുമ്പോള്‍ ഒരാള്‍ക്ക് ജീവന്‍ വെടിയേണ്ടി വരുന്നത് അക്ഷരാര്‍ത്ഥത്തില്‍ കൊലപാതകം തന്നെയാണെന്നും ഭരണകൂടവും, വ്യവസ്ഥിതിയും ചേര്‍ന്ന് നടത്തുന്ന ആസൂത്രിത കൊലയാണെന്നും അദ്ദേഹം പറഞ്ഞു.

60 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇടത് പക്ഷത്തിന് പഞ്ചായത്തില്‍ ഭരണം കിട്ടിയപ്പോള്‍ അതില്‍ വലിയ പങ്ക് വഹിച്ച റസാഖിന്റെയും സഹോദരന്റെയും ഒരേ ഒരു ആവശ്യം ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് റീ സൈക്ലിങ് യൂണിറ്റ് നിര്‍ത്തലാക്കണം എന്നത് മാത്രമായിരുന്നു. സ്വന്തം വീടും സ്ഥലവും പോലും പാര്‍ട്ടിക്ക് വേണ്ടി എഴുതി വെച്ച ഒരു കമ്മ്യൂണിസ്റ്റിന്റെ ആവശ്യം പരിഗണിച്ചില്ലെന്ന് മാത്രമല്ല പാടെ അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. അവസാനം നീതിക്ക് വേണ്ടി ആ മനുഷ്യന് സ്വന്തം ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

റസാക്കിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി. എഫ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുകയാണ്. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

റസാക്ക് പയമ്പ്രോട്ടിന്റെ കുടുംബത്തെ കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും സന്ദര്‍ശിച്ചു.

error: Content is protected !!