നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് പി.കെ റൈഹാനത്തിനെ തൽസ്ഥാനം രാജിവെപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഇരുപത്തിഒന്നാം വാർഡ് തിരുത്തി മുസ്ലിം ലീഗ് കമ്മറ്റി പിരിച്ചുവിട്ടു. റൈഹാനത്ത് ജനപ്രധിനിധിയായ വർഡാണിത്. വാർഡ് കമ്മറ്റി പിരിച്ചുവിട്ടതായും ഇക്കാര്യം പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മറ്റിയെ രേഖാമൂലം അറിയിച്ചതായും പ്രസിഡന്റ് മറ്റത്ത് അവറാൻ ഹാജി, ജനറൽ സെക്രട്ടറി എം.പി അബ്ദുറഷീദ്, ട്രഷറർ ടി.ടി അലി ഹാജി എന്നിവർ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്‌ക്കേണ്ട സാഹചര്യത്തെക്കുറിച്ച് ഇതുവരെ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റിയോ, മണ്ഡലം മുസ്‌ലിംലീഗ് കമ്മറ്റിയോ, ജില്ലാ മുസ്‌ലിം ലീഗ് കമ്മറ്റിയോ തങ്ങൾക്ക് വിശദീകരണം നൽകാത്തതിനാലാണ് രാജി എന്ന് നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മറ്റിയാണ് അധ്യാപികകൂടിയായ റൈഹാനത്തിനെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
2023ൽ വന്ന നിലവിലുള്ള പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മറ്റിയും, മണ്ഡലം മുസ്‌ലിംലീഗിന്റെയും മുസ്‌ലിം യൂത്ത് ലീഗിന്റെയും ചിലഭാരവാഹികൾ പ്രതികാരബുദ്ധിയോടെയാണ് പ്രവർത്തിക്കുന്നത്. ഇവരിൽ ചിലർ പഞ്ചായത്തിൽവെച്ചും, കൊടിഞ്ഞി ജി.എം.യു.പിസ്‌കൂളിൽ വെച്ചും പരസ്യമായി പ്രസിഡന്റിനെ അപമാനിച്ചുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
പ്രസിഡന്റിന്റെ രാജിസംബന്ധിച്ച് ജില്ലാ കമ്മറ്റിക്ക് വാർഡ് കമ്മറ്റി പരാതി നൽകിയിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറി ഇതുസംബന്ധിച്ച് വാര്ഡു കമ്മറ്റിയുമായി ഏതൊരു കാര്യങ്ങളും അന്വേഷിച്ചിട്ടില്ല.
ജില്ലാ,മണ്ഡലം കമ്മറ്റികൾ ഇക്കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനമാണ് എടുത്തതെന്നും വാർഡ് കമ്മറ്റിയുടെ അഭിപ്രായങ്ങൾ ആരാഞ്ഞിട്ടില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
അതേസമയം, പഞ്ചായത്ത് കമ്മിറ്റി , പ്രസിഡന്റിനെയും വാർഡ് കമ്മിറ്റിയെയും നേരിട്ട് വിളിച്ചു ഇതിന് മുമ്പ് ചർച്ച നടത്തിയിരുന്നു എന്ന് പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞൂ. പിന്നീട് മണ്ഡലം കമ്മിറ്റിയും ഇടപെട്ടു. പരിഹാരം ആകാത്തതിനാൽ ആണ് ജില്ലാ കമ്മിറ്റി ഇടപെട്ടത്. ചേളാരി യിൽ വാർഡ് മുസ്ലിം ലീഗ് ഭാരവാഹികൾ, മെമ്പർമാർ എന്നിവരുമായി ചർച്ച നടത്തി. കാര്യങ്ങൾ ബോധ്യപ്പെട്ടെന്നും തീരുമാനം പാർലമെന്റ് ഇലക്ഷൻ കഴിഞ്ഞാൽ 2 ദിവസത്തിനകം അറിയിക്കുമെന്നും ഹമീദ് മാസ്റ്റർ എം എൽ എ അറിയിച്ചതായിരുന്നു. ഇതിൽ അതൃപ്തി പ്രകടിപ്പിച്ചവരോട് വാതിൽ തുറന്നിട്ടിരിക്കുന്നെന്നും ആർക്കും പോകാമെന്നും എം എൽ എ താക്കീതും നല്കിയിരുന്നു. വേണമെങ്കിൽ വാർഡ് മെമ്പർ സ്ഥാനം കൂടി രാജി വെച്ചു പൊയ്ക്കോളൂ എന്നും പറഞ്ഞിരുന്നു. പ്രെസിഡന്റിന് എതിരെ പരാതിയുള്ളവരുടെ അഭിപ്രായങ്ങൾ കേട്ടില്ല എന്ന പക്ഷക്കാരോട് ആയിരുന്നു എം എൽ എ യുടെ താക്കീത് ഉണ്ടായിരുന്നത്. ഇലക്ഷൻ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ കമ്മിറ്റി കത്തു നൽകിയത്. ഇത് പാലിക്കാത്തതിനെ തുടർന്നാണ് മലപ്പുറത്ത് വിളിച്ചു വരുത്തി അന്ത്യ ശാസനം നൽകിയതെന്നും ഇവർ പറഞ്ഞു.
പ്രസിഡന്റ് ആയിരുന്ന റൈഹാനത്ത് മറ്റു മുസ്ലിം ലീഗ് അംഗങ്ങളെ പരിഗണിക്കുകയോ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ നിർദേശങ്ങൾ പാലിക്കുകയോ ചെയ്യുന്നില്ല എന്ന പരാതി രൂക്ഷമായ ഭിന്നതയിൽ എത്തിയതിനെ തുടർന്നാണ് രാജിയിൽ കലാശിച്ചത്. നേരത്തെ ലീഗിലെ വനിത അംഗങ്ങൾക്ക് മാത്രമുണ്ടായിരുന്ന പരാതി പിന്നീട് പുരുഷ മെമ്പർമാരും ഉന്നയിച്ചിരുന്നത്രെ. ലീഗ് മുൻ പഞ്ചായത്ത് കമ്മിറ്റിയിലെ ചിലരുടെ നിർദേശപ്രകാരമാണ് പ്രസിഡന്റ് പ്രവർത്തിക്കുന്നതെന്നും പഞ്ചായത്ത് കമ്മിറ്റിയെ കാര്യങ്ങൾ അറിയിക്കുകയോ വക വെക്കുകയോ ചെയ്യുന്നില്ലെന്നും ലീഗ് കമ്മിറ്റിക്കും പരാതി ഉണ്ടായിരുന്നു. എന്നാൽ ജനപ്രതിനിധി ആയി തന്നെ പുതുമുഖമായ പ്രസിഡന്റ് തന്നെ കൊണ്ട് കഴിയുന്ന വിധം പരമാവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ചിലരുടെ ഈഗോ ആണ് കാരണം എന്നുമാണ് പ്രസിഡന്റിനെ അനുകൂലിക്കുന്നവർ പറയുന്നത്.
അതിനിടെ, പുതിയ പ്രസിഡന്റിനെ തീരുമാനിക്കൽ ലീഗ് കമ്മിറ്റിക്ക് തലവേദനയാകും. വാർഡ് 4 ലെ സൗദ മരക്കാരുട്ടി, 7 ലെ എ റൈഹാനത്ത്, 10 ലെ സുമിത്ര ചന്ദ്രൻ, 13 ലെ എം.പി. ശരീഫ, 19 ലെ തസ്ലീന ഷാജി എന്നിവരാണ് മുൻ പ്രസിഡന്റ് റൈഹാനത്തിന് പുറമെ ലീഗിന് വനിത അംഗങ്ങൾ ഉള്ളത്. ഇതിൽ സൗദ, റൈഹാനത്ത്, തസ്ലീന എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഭാരവാഹികളിലും മെംബർമാരിലും ഭൂരിഭാഗം ആളുകളും കുണ്ടൂരിൽ നിന്നുള്ള റൈഹാനത്തിനെയാണ് അഭിപ്രായപ്പെടുന്നത് എങ്കിലും ഇവരും ഇവരുടെ വാർഡ് കമ്മിറ്റിയും ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ടത്രേ. അതിനാൽ തസ്ലീന, സൗദ എന്നിവരാണ് പിന്നെ ഉള്ളത്. ഇതിൽ തസ്ലീന ക്കാണ് സാധ്യത. പ്രാദേശിക വാദം ഉള്ളതിനാൽ കൊടിഞ്ഞിയിൽ നിന്നുള്ള പ്രസിഡന്റ് ആണ് നിലവിൽ ഉണ്ടായിരുന്നത്. അതിനാൽ പുതിയ ആളും കൊടിഞ്ഞിയിൽ നിന്നാകണമെന്നാണ് വാദം. മുൻ പഞ്ചായത്ത് ഭാരവാഹികളും തസ്ലീനയെ പ്രസിഡന്റ് ആക്കണമെന്ന അഭിപ്രായക്കാരാണ്.
ഇന്ന് രവിലെ ഇത് സംബന്ധിച്ച് തീരുമാനം എടുക്കാൻ പഞ്ചായത്ത് ഉന്നത സമിതി ഭാരവാഹികൾ യോഗം ചേർന്നിരുന്നു . എല്ലാവരോടും അഭിപ്രായം ആരാഞ്ഞ ശേഷം പുതിയ ആളെ തെരഞ്ഞെടുക്കണം എന്നാണ് യോഗത്തിൽ അഭിപ്രായം ഉണ്ടായത് എന്നറിയുന്നു.